കടലിന്റെ അടിത്തട്ടിലെ കൊട്ടാരവും മത്സ്യകന്യകയുമെല്ലാം നമ്മള്‍ കഥകളില്‍ മാത്രമേ കേട്ടിട്ടുള്ളൂ. പക്ഷേ ആഴക്കടലിന്റെ അടിത്തട്ടില്‍ ഒരു യഥാര്‍ത്ഥ റോഡ് കണ്ടെത്തിയാലോ. അത് വലിയ, അവിശ്വസിനീയമായ ആര്‍ക്കിയോളജിക്കല്‍ കണ്ടെത്തലാണ്. ആ കണ്ടെത്തല്‍ ഇന്ന് യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. മെഡിറ്ററേനിയന്‍ കടലിന്റെ അടിത്തട്ടിലാണ് കടലിലെ ചെളിയില്‍ മൂടപ്പെട്ട് കിടക്കുന്ന നിലയിലുള്ള ഒരു റോഡ് കണ്ടെത്തിയിരിക്കുന്നത്.
കടലിനുള്ളില്‍ മുങ്ങിയ ചരിത്രാതീത കാലത്തെ അധിവാസമേഖലയായ ഹവര്‍ സംസ്‌കാരത്തെ ക്രൊയേഷ്യന്‍ ദ്വീപിന്റെ ഭാഗമായിരുന്ന കൊര്‍ക്യൂല ദ്വീപിന്റെ തീരവുമായി ബന്ധിപ്പിച്ചിരുന്ന റോഡ് ആണിതെന്നാണ് കരുതപ്പെടുന്നത്. വളരെ കൃത്യതയോടെ കല്ലുകള്‍ പാകി, നാല് മീറ്റര്‍ വീതിയിലാണ് ഈ റോഡ് പണിതിരിക്കുന്നത്. ക്രിസ്തുവിന് 4,900 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ഇത്തരമൊരു സംസ്‌കാരം നിലവിലുണ്ടായിരുന്നതെന്ന് അക്കാലത്തേതെന്ന് കരുതി സൂക്ഷിച്ചുവെച്ചിരിക്കുന്ന ഒരു തടിക്കഷ്ണത്തിന്റെ റേഡിയോകാര്‍ബണ്‍ അനാലിസിസ് വ്യക്തമാക്കുന്നു. ഏഴായിരം വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ ആളുകള്‍ ഈ റോഡിലൂടെ നടന്നിരുന്നു എന്നാണ് കരുതുന്നതെന്ന് ക്രൊയേഷ്യയിലെ സദാര്‍ സര്‍വ്വകലാശാലയില്‍ നിന്നുള്ള ഗവേഷകര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
ഏതാണ്ട് 5000 ബിസിഇയോട് അടുത്ത്്, നിയോലിത്തിക് കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഹവര്‍ സംസ്‌കാരത്തിന്റെ ഭാഗമായിരുന്നവര്‍ വൈദഗ്ധ്യമുള്ള കര്‍ഷകര്‍ ആയിരുന്നു. തീരങ്ങളിലും അടുത്തുള്ള ദ്വീപുകളിലും ഒറ്റപ്പെട്ട, ചെറുകൂട്ടങ്ങളായിട്ടായിരുന്നു ഇവരുടെ അധിവാസം. ഹവര്‍ സംസ്‌കാരത്തിന്റെ ഭാഗമായി മേഖലയിലെ ഏറ്റവും വലതും മികച്ച രീതിയില്‍ സംരക്ഷിക്കപ്പെട്ടിട്ടുള്ളതുമായ ഇടമാണ് സൊലൈന്‍. ആദ്യകാല കര്‍ഷകരുടെ ദൈനംദിന ജീവിതത്തെ കുറിച്ചും സമൂഹിക ഘടനയെ കുറിച്ചും പല വിലപ്പെട്ട വിവരങ്ങളും ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്. കടലിന്റെ അടിത്തട്ടിലാണ് റോഡ് കണ്ടെത്തിയതെങ്കിലും കൊര്‍ക്യൂല ദ്വീപിലെ വെല ലുകയ്ക്ക് സമീപമുള്ള ഗ്രേഡിന തീരത്ത് ഇപ്പോള്‍ നടക്കുന്ന ഭൂമി ഗവേഷണത്തിന്റെ ഭാഗമാണ് ഈ കണ്ടെത്തലും.
സൊലൈന്‍ സൈറ്റില്‍ മുങ്ങി പരിശോധന നടത്തുകയായിരുന്ന പുരാവസ്തു ഗവേഷണ സംഘം ഗ്രേഡിന തീരത്തിന്റെ മധ്യഭാഗം പരിശോധിക്കവേയാണ് 4,5 മീറ്റര്‍ ആഴത്തില്‍ സൊലൈന് സമാനമായ മറ്റൊരു അധിവാസ മേഖലയുടെ സൂചനകള്‍ കണ്ടെത്തിയതെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ഗവേഷകര്‍ അറിയിച്ചു. നിയോലിത്തിക് കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന കല്ല് കൊണ്ടുള്ള മഴു, നാഴികകല്ലിന്റെ കഷ്ണങ്ങള്‍, ആയുധമായി ഉപയോഗിച്ചിരുന്ന കല്ല് എന്നിവയും ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഈ മേഖലയില്‍ ഇനിയും നിരവധി പുരാവസ്തുക്കള്‍ ഒളിഞ്ഞുകിടക്കുന്നുണ്ടെന്നും ഹവര്‍ സംസ്്കാരത്തെ കുറിച്ചും അവരുടെ ജീവിതരീതികളെ കുറിച്ചും നിരവധി കാര്യങ്ങള്‍ കണ്ടെത്താന്‍ ഇവിടം സഹായിക്കുമെന്നും ഗവേഷകര്‍ വ്യക്തമാക്കി.
Discussion about this post