ബംഗളൂരു: കർണാടകയിൽ തിരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെ ഈശ്വര സന്നിധിയിൽ എത്തി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ബെലഗവിയിലെ സുണ്ഡാട്ടി ശ്രീ രേണുക യെല്ലമ്മ ക്ഷേത്രത്തിലാണ് അദ്ദേഹം വ്യാഴാഴ്ച ദർശനം നടത്തിയത്. കർണാടകയിൽ ബുധനാഴ്ച ആയിരുന്നു തിരഞ്ഞെടുപ്പ്.
സഹായികൾക്കൊപ്പമാണ് അദ്ദേഹം ക്ഷേത്രത്തിൽ എത്തിയത്. പുലർച്ചെയെത്തിയ അദ്ദേഹം വിവിധ പൂജകളിൽ പങ്കെടുത്തു. ദേവിയ്ക്ക് വിശേഷാൽ വഴിപാടുകളും അദ്ദേഹം നേർന്നു. ക്ഷേത്രം അധികൃതരുമായി സംസാരിച്ച ശേഷമായിരുന്നു ബൊമ്മെ ക്ഷേത്രത്തിൽ നിന്നും മടങ്ങിയത്.
അദ്ദേഹം അടിയ്ക്കടി ഇവിടെയെത്താറുണ്ട്. എന്നാൽ കർണാടകയിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അതുമായി ബന്ധപ്പെട്ട തിരക്കുകളിൽ ആയിരുന്നു അദ്ദേഹം. തിരക്കൊഴിഞ്ഞ ശേഷമാണ് അദ്ദേഹം രാവിലെ തന്നെ ക്ഷേത്രത്തിൽ എത്തിയത്. അദ്ദേഹത്തിന്റെ വരവറിഞ്ഞ് മാദ്ധ്യമങ്ങളും ക്ഷേത്രത്തിൽ എത്തിയിരുന്നു. ഇക്കുറിയും കർണാടകയിൽ ബിജെപി തന്നെ അധികാരത്തിൽ വരുമെന്ന ആത്മവിശ്വാസവും ബൊമ്മെ മാദ്ധ്യമങ്ങളോട് പ്രകടിപ്പിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിൽ 72.82 ശതമാനം പോളിംഗ് ആയിരുന്നു രേഖപ്പെടുത്തിയത്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത് വളരെയധികം കൂടുതലാണ്. അതുകൊണ്ടു തന്നെ വലിയ ആത്മവിശ്വാസമാണ് ബിജെപിയ്ക്ക് ഇക്കുറിയുള്ളത്. തുടർഭരണം ലഭിക്കുമെന്ന ചില പ്രവചനങ്ങളും ബിജെപിയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നുണ്ട്.
Discussion about this post