ദിസ്പുർ; ‘ദി കേരള സ്‌റ്റോറി’ എന്ന ചിത്രത്തെ കുറിച്ച് പല വിമർശനങ്ങളും വരുന്ന സാഹചര്യത്തിൽ, അഭിപ്രായവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ക്യാബിനറ്റ് മന്ത്രിമാരോടും ബിജെപി എംഎൽഎമാരോടുമൊപ്പമാണ് അദ്ദേഹം ചിത്രം കണ്ടത്. ചിത്രത്തെ പ്രശംസിച്ച അദ്ദേഹം പെൺമക്കളോടൊപ്പം കാണണമെന്നും കൂട്ടിച്ചേർത്തു.
കേരളത്തിൽ നടന്ന ചില പെൺകുട്ടികളുടെ മതപരിവർത്തനവും അവർ തീവ്രവാദ സംഘടനയായ ഐഎസ്‌ഐഎസിലേക്ക് നിയമിക്കപ്പെടുകയും ചെയ്തതിനെ കുറിച്ചാണ് സിനിമയിൽ പറയുന്നത്. പെൺകുട്ടികൾ തെറ്റിദ്ധരിക്കപ്പെടുന്ന സാഹചര്യങ്ങളുണ്ടാകാറുണ്ടെന്നും അവർ പ്രണയത്തിലായതിനാൽ മാത്രം മതപരിവർത്തനം നടത്താൻ പ്രേരിപ്പിക്കപ്പെടുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
തീവ്രവാദത്തെ കുറിച്ചും ജിഹാദിന്റെയും മതത്തിന്റെയും പേരിൽ തീവ്രവാദ ക്യാംപുകളിൽ നടക്കുന്ന കാര്യങ്ങളുമാണ് ചിത്രത്തിൽ കാണിക്കുന്നതെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു. ചിത്രം നിരോധിക്കുന്നത് ഒന്നിനും പരിഹാരമല്ലെന്നും, ഇസ്ലാമിനെ കുറിച്ചല്ല മറിച്ച് ഐഎസ്‌ഐഎസിനെ കുറിച്ചാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതു മുതൽ പല തരത്തിലുള്ള അഭിപ്രായങ്ങളും വിമർശനങ്ങളുമാണ് ഉയരുന്നത്. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സംസ്ഥാനത്ത് ചിത്രം പ്രദർശിപ്പിക്കുന്നത് വിലക്കിയിരുന്നു. എന്നാൽ പല നേതാക്കന്മാരിൽ നിന്നും സംഘടനകളിൽ നിന്നും സിനിമക്ക് പ്രശംസ ലഭിക്കുന്നുണ്ട്.
കേരളത്തിൽ നിന്നുളള സുഹൃത്തുക്കളായ പെൺകുട്ടികളെ പ്രണയത്തിൽ കുരുക്കി മതംമാറ്റുന്നതും തുടർന്ന് ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്നതും അവിടെ അവർ നേരിടുന്ന ഭീകരാവസ്ഥയുമാണ് സുദീപ്തോ സെൻ സംവിധാനം ചെയ്ത ചിത്രം തുറന്നുകാട്ടുന്നത്. എന്നാൽ മുസ്ലീം സമുദായത്തിനെതിരാണ് ചിത്രമെന്ന തരത്തിലാണ് കേരളത്തിലുൾപ്പെടെ ഇടതുപക്ഷവും കോൺഗ്രസും പ്രചാരണം നടത്തിയത്. ചിത്രം വിലക്കണമെന്ന് കേരള ഹൈക്കോടതിയിൽ ഹർജികൾ സമർപ്പിക്കപ്പെട്ടെങ്കിലും നിരോധിക്കാനാകില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.
Discussion about this post