ലണ്ടൻ: ബ്രിട്ടനിലെ പ്രശസ്തമായ കിംഗ് ഫഹദ് അക്കാദമി അടച്ചുപൂട്ടാനൊരുങ്ങി സൗദി അറേബ്യ. മിഡിൽ ഈസ്റ്റിൽ നിന്നും വടക്കേ ആഫ്രിക്കയിൽ നിന്നുമുള്ള പ്രവാസികളായ ഇസ്ലാം മതവിശ്വാസികളുടെ മക്കൾ വ്യാപകമായി ഉപോയഗിക്കുന്ന പഠനകേന്ദ്രമാണിത്. 1985 മുതലാണ് സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത്.
അറബിക്, ഇസ്ലാമിക് പഠനങ്ങൾ ബ്രിട്ടീഷ് കോഴ്സുകളുമായി സംയോജിപ്പിച്ചാണ് ഇവിടെ പഠിപ്പിച്ചിരുന്നത്. കിന്റർഗാർട്ടൻ തലം മുതൽ 18 വയസ്സ് വരെ 480 ഓളം വിദ്യാർത്ഥികൾ കിംഗ് ഫഹദ് അക്കാദമിയിൽ ഇപ്പോൾ പഠിക്കുന്നുണ്ട്. സ്‌കൂളിനുള്ള സാമ്പത്തിക പിന്തുണയടക്കം പിൻവലിക്കുന്നുവെന്നും സെപ്തംബറോടെ അടച്ചുപൂട്ടുമെന്നുമാണ് സൗദി അറേബ്യ അറിയിച്ചിരിക്കുന്നത്.
ഈദ് ഉൽ-ഫിത്തർ അവധിയ്ക്ക് ശേഷം മടങ്ങിയെത്തിയ അദ്ധ്യാപകർക്ക് ,സ്‌കൂൾ അടച്ചുപൂട്ടുന്നതിനുള്ള അറിയിപ്പ് നേരിട്ട് നൽകുകയായിരുന്നു. ‘സൗദി അറേബ്യ വിദ്യാഭ്യാസ സമ്പ്രദായം പുനഃസംഘടിപ്പിക്കുകയും പുനഃക്രമീകരിക്കുകയും ചെയ്യാൻ ഉദ്ദേശിക്കുന്നു. അതിന്റെ ഭാഗമായി രാജ്യത്തിന് പുറത്ത് വിദ്യാഭ്യാസ സേവനങ്ങൾ നൽകുന്ന സമ്പ്രദായം ഭേദഗതി ചെയ്യും. കൂടാതെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇപ്പോൾ അടച്ചുപൂട്ടാനും ആലോചിക്കുന്നു. അടച്ചുപൂട്ടാൻ ആലോചിക്കുന്ന സ്ഥാപനങ്ങളിലൊന്നാണ് കിംഗ് ഫഹദ് അക്കാദമി’ എന്ന കുറിപ്പ്, രക്ഷിതാക്കൾക്കും നൽകിയിട്ടുണ്ട്.
Discussion about this post