ന്യൂഡൽഹി: ഇസ്ലാമിക ഭീകരവാദം പ്രമേയമാകുന്ന ചിത്രം ദി കേരള സ്റ്റോറിയ്ക്ക് വിലക്കേർപ്പെടുത്തിയതിൽ സംസ്ഥാനങ്ങൾക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി. തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നീ സർക്കാരുകൾക്കാണ് നോട്ടീസ് അയച്ചത്. സിനിമയ്ക്ക് വിലക്കേർപ്പെടുത്തിയതിൽ ഇരു സർക്കാരുകളെയും സുപ്രീംകോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.
ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചായിരുന്നു ഹർജികൾ പരിഗണിച്ചത്. മറ്റ് രാജ്യങ്ങളിൽ സിനിമ പ്രദർശിപ്പിക്കുന്നതിന് പ്രശ്‌നങ്ങൾ ഇല്ലെന്ന് ഇരിക്കേ ഇവിടെ മാത്രം എന്താണ് ഇതിത്ര ഗൗരവമേറിയ വിഷയം ആകുന്നതെന്ന് കോടതി ചോദിച്ചു. ചിത്രത്തിന് വിലക്കേർപ്പെടുത്തിയത് കാരണങ്ങൾ ഇല്ലാതെയാണ്. രാജ്യത്ത് മറ്റ് സംസ്ഥാനങ്ങളിലും സിനിമ പ്രദർശിപ്പിക്കുന്നുണ്ട്. ബംഗാളിന് മാത്രം എന്താണ് കുഴപ്പം?. ബംഗാൾ ഇന്ത്യയുടെ ഭാഗമല്ലേ?. പിന്നെ സിനിമ പ്രദർശിപ്പിക്കുന്നതിൽ എന്താണ് ഇത്ര കുഴപ്പമെന്നും കോടതി ചോദിച്ചു.
സിനിമയുടെ അപ്രഖ്യാപിത വിലക്കിന്റെ കാരണം തമിഴ്‌നാടും വ്യക്തമാക്കണം. കാരണം വിശദമാക്കണം. സുരക്ഷാ വിഷയമാണ് കാരണമെങ്കിൽ അതെന്തെല്ലാമാണെന്ന് വ്യക്തമാക്കി വിശദമായ സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അടുത്ത ബുധനാഴ്ച കേസ് കോടതി വീണ്ടും പരിഗണിക്കും.
ബംഗാളിലും തമിഴ്‌നാട്ടിലും ദി കേരള സ്റ്റോറിയ്ക്ക് വിലക്കേർപ്പെടുത്തിയതിനെതിരെ കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതിയിൽ ഹർജി ലഭിച്ചത്. സിനിമയ്ക്ക് വിലക്കേർപ്പെടുത്തിയത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് എതിരാണെന്നും അതിനാൽ നിയന്ത്രണം പിൻവലിക്കാൻ സർക്കാരുകൾക്ക് നിർദ്ദേശം നൽകണമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.
Discussion about this post