ശ്രീനഗർ; ജി20 മീറ്റിംഗിനു മുന്നോടിയായി ഉയർന്നുവരുന്ന തീവ്രവാദ ഭീഷണികൾക്കിടയിൽ, ജി20 സമാധാനപരമായ അന്തരീക്ഷത്തിൽ തന്നെ നടക്കുമെന്ന് കശ്മീരിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ. അതിന്റെ ഭാഗമായി പോലീസ് സേനയുടെ തയ്യാറെടുപ്പുകൾ പരിശോധിക്കുകയും സുരക്ഷാസേനയുടെ ശക്തമായ സാന്നിധ്യം ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ജി20 യോഗസ്ഥലത്തേക്ക് തീവ്രവാദികൾ എത്താൻ സാധ്യതയുള്ള ദേശീയപാത റൂട്ടിലെ പന്തചൗക്കിൽ നേരിട്ടെത്തി എഡിജിപി സുരക്ഷ വിലയിരുത്തി. ഇവിടെയെത്തിയ അദ്ദേഹം ഡ്യൂട്ടിയിലുണ്ടായിരുന്ന ജവാന്മാർക്കൊപ്പവും സമയം ചെലവഴിച്ചാണ് മടങ്ങിയത്. പോലീസ് സേന ഏതു വെല്ലുവിളിയും നേരിടാൻ തയ്യാറായിട്ടുണ്ട്. സാധാരണയായി 365 ദിവസവും പ്രവർത്തിക്കുന്ന ചെക്ക്‌പോസ്റ്റ് ഉണ്ടെങ്കിലും പ്രധാന പരിപാടികൾ നടക്കുന്ന സമയം ജനങ്ങൾ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്താൻ തങ്ങൾ റോഡിലിറങ്ങാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമായും നിരോധിത സംഘടനയായ ജെയ്‌ഷെ മുഹമ്മദിൽ നിന്നും ഭീഷണിയുള്ള ശ്രീനഗറിലെ നൗഗാം മേഖലയിലും അദ്ദേഹം സന്ദർശനം നടത്തി. മേഖലയിലെ പോലീസിനേയും സിആർപിഎഫ് ഉദ്യോഗസ്ഥരേയും സന്ദർശിച്ച അദ്ദേഹം സ്ഥിതിഗതികൾ വിലിരുത്തി.
മെയ് 22 മുതൽ 24 വരെ നടക്കുന്ന മൂന്നാമത് ജി20 ടൂറിസം വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗിന് കശ്മീർ ആതിഥേയത്വം വഹിക്കും. ആദ്യത്തെ മീറ്റിംഗ് ഫെബ്രുവരിയിൽ ഗുജറാത്തിലെ റാൻ ഓഫ് കച്ചിലും രണ്ടാമത്തെ മീറ്റിംഗ് ഏപ്രിലിൽ പശ്ചിമബംഗാളിലെ സിലിഗുരിയിലുമാണ് നടന്നത്.
Discussion about this post