ബംഗളൂരു: ജെഡിഎസിന്റെ പിന്തുണ ആർക്കാണെന്ന് തീരുമാനിച്ചിട്ടില്ലെന്ന് പാർട്ടി നേതാവ് എച്ച്.ഡി.കുമാരസ്വാമി. എല്ലാം ജനങ്ങൾക്കും ദൈവത്തിനും സമർപ്പിക്കുകയാണ്. എക്സിറ്റ് പോളിൽ ജെഡിഎസിന് 30–32 സീറ്റുകളാണ് പ്രവചിച്ചിരിക്കുന്നത്.ഞങ്ങൾ ഒരു ചെറിയ പാർട്ടിയാണ്. ആരോടും ഒരു ഡിമാന്റ് വച്ചിട്ടില്ലെന്നും കുമാരസ്വാമി വ്യക്തമാക്കി. ആർക്കാണ് പിന്തുണ നൽകുന്നതെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തോടായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം.
ബിജെപി-കോൺഗ്രസ്-ജെഡിഎസ് പാർട്ടികളാണ് ഇക്കുറി തിരഞ്ഞെടുപ്പിൽ കടുത്ത പോരാട്ടം കാഴ്ചവയ്ക്കുന്നത്. തൂക്കുസഭയായിരിക്കും ഇക്കുറിയെന്നാണ് ഭൂരിപക്ഷം എക്‌സിറ്റ് പോൾ സർവേകളും പ്രവചിച്ചിരിക്കുന്നത്. പിന്നാലെ രണ്ട് പാർട്ടികളും പിന്തുണ തേടിയെത്തിയതായി എച്ച്.ഡി.കുമാരസ്വാമി ഇന്നലെ വ്യക്തമാക്കിയിരുന്നു. 36 കേന്ദ്രങ്ങളിലായി രാവിലെ എട്ട് മുതലാണ് വോട്ടെണ്ണൽ. ഉച്ചയോടെ പൂർണചിത്രമറിയാം.
ഭരണത്തുടർച്ചയുണ്ടാകാത്ത കർണാടകയുടെ 38 വർഷത്തെ ചരിത്രം തിരുത്തിയെഴുതാനാണ് ബിജെപിയുടെ ശ്രമം. എന്നാൽ ആ ചരിത്രം ആവർത്തിക്കുമെന്ന പ്രതീക്ഷയാണ് കോൺഗ്രസിനുള്ളത്. സർക്കാർ രൂപീകരണത്തിൽ പങ്കുവഹിക്കാൻ സാധിച്ചാൽ ഇരുപാർട്ടികളോടും ജെഡിഎസ് വലിയ വിലപേശൽ നടത്തുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.












