ബംഗളൂരു : കർണാടക തിരഞ്ഞെടുപ്പിൽ ലീഡ് നിലയിൽ മുന്നേറ്റവുമായി കോൺഗ്രസ്. 123 സീറ്റുകളിലാണ് കോൺഗ്രസ് ലീഡ് നിലനിർത്തുന്നത്. അതേസമയം 71 സീറ്റുകളിൽ ബിജെപിക്ക് മുന്നേറ്റമുണ്ട്. ജെഡിഎസ് 24 സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ സ്വതന്ത്ര സ്ഥാനാർത്ഥികൾ ആറ് സീറ്റുകളിൽ മുന്നിലാണ്.
തീരമേഖലയിൽ ബിജെപിക്ക് തന്നെയാണ് മുന്നേറ്റം. ബിദാറിലെ ഗുൽബർഗ റൂറൽ, ഗുൽബർഗ ഉത്തർ, ചിഞ്ചോളി, അലന്ദ്, ബസവകല്യൺ, ബിദർ സൗത്ത്, ഔരാദ് എന്നീ ഏഴ് സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുന്നുണ്ട്. ചിക്കമഗുളുരു മണ്ഡലത്തിൽ കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. കോൺഗ്രസിന്റെ എച്ച്ഡി തിമ്മയ്യയ്ക്കെതിരെ ബിജെപിയുടെ സി ടി രവിയാണ് മത്സരിക്കുന്നത്. ഈ നിയോജക മണ്ഡലത്തിൽ നിന്ന് നാല് തവണ എംഎൽഎ ആയിട്ടുള്ള നേതാവാണ് സി ടി രവി.
കോൺഗ്രസ് കേവല ഭൂരിപക്ഷം കടന്നതോടെ രാജ്യമെമ്പാടുമുള്ള പ്രവർത്തകർ ആവേശത്തിലാണ്. വിജയിക്കുന്ന നേതാക്കളെല്ലാം ഉടൻ ബംഗളൂരുവിലേക്ക് എത്തണമെന്ന് നേതൃത്വം നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം ജെഡിഎസിന് പ്രതീക്ഷിച്ച വിജയം നേടാനാകുന്നില്ല. ഈ സാഹചര്യത്തിൽ ജെഡിഎസിനെ ഒപ്പം നിർത്താൻ കോൺഗ്രസ് കൂടിയാലോചനകൾ നടത്തുന്നുണ്ട്. കോൺഗ്രസ് എത്ര സീറ്റുകൾ നേടുമെന്നത് തീരുമാനമായ ശേഷം ഒരു മണിക്കൂറിനുള്ളിൽ ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. സ്വതന്ത്രരുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കാനാകുമെങ്കിൽ അതിലും കോൺഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കും.
Discussion about this post