കൊച്ചി: ഒരു സിനിമയുടെ വിജയമോ കളക്ഷനോ അല്ല ചരിത്രത്തിലെ നായകന്മാരെ സൃഷ്ടിക്കുന്നതെന്ന് എ.എ.റഹീം. അതുകൊണ്ടാണ് 2018ന്റെ ബോക്‌സ് ഓഫീസ് ഹിറ്റിന് നടുവിലും ആന്റണി പെപ്പെ എന്ന ഒറ്റയാൻ നായകനായി മാറുന്നതെന്നും റഹീം പറഞ്ഞു. 2018 സിനിമയുടെ രാഷ്ട്രീയം സംബന്ധിച്ചുള്ള ചോദ്യത്തോടായിരുന്നു റഹീമിന്റെ പ്രതികരണം.
2018 സിനിമ കണ്ടിട്ടില്ല. വിവാദങ്ങൾ മാത്രമാണ് ശ്രദ്ധയിൽ പെട്ടത്. തിരക്കഥാകൃത്തിനും സംവിധായകനും അവരുടേതായ രീതികളും കഥപറച്ചിലും സിനിമയ്ക്ക് വേണ്ടി സ്വീകരിക്കാം. സ്വാഭാവിമായും കഥ പറച്ചിലിൽ രാഷ്ട്രീയം പ്രതിഫലിക്കും. കലാകാരനെന്ന നിലയിൽ ജൂഡിന്റെ സർഗാത്മകതയെ അഭിനന്ദിക്കുന്നു. അതിനെ ചോദ്യം ചെയ്യാനില്ല. 2018ലുള്ളത് ജൂഡിന്റെ രാഷ്ട്രീയ ആഭിമുഖ്യത്തിന്റെ പ്രകടനമാണ്. അത് യാഥാർത്ഥ്യ ബോധവുമായി ചേർന്നതല്ല. 2018ന്റെ സംവിധായകനാണോ ആന്റണി പെപ്പെയാണോ സ്റ്റാർ എന്ന് ചോദിച്ചാൽ ആന്റണി പെപ്പെയുടെ പേരാണ് ആളുകൾ പറയുന്നത്.
സിനിമയുടെ സാങ്കേതിക വിദ്യയോ കളക്ഷനോ അല്ല ചരിത്രത്തിൽ നായകരെ സൃഷ്ടിക്കുന്നത്. മറിച്ച് യഥാർത്ഥ മനുഷ്യരെയാണ്. അതുകൊണ്ടാണ് 2018ന്റെ ബോക്‌സ് ഓഫീസ് ഹിറ്റിന്റെ നടുവിലും ആന്റണി പെപ്പെ എന്ന ഒറ്റയാൻ നായകനായി മാറുന്നത്. അതാണ് കേരളം. അതിന്റെ ജനാധിപത്യവും, സംസ്‌കാരവുമെന്നും എ.എ.റഹീം പറഞ്ഞു.












