കാബൂൾ: കറുപ്പുകൃഷി തീയിട്ട് നശിപ്പിക്കാനെത്തിയ താലിബാൻ സൈന്യം കർഷകരെ വെടിവെച്ചു കൊന്നു. അഫ്ഗാനിലെ ബദാഖ്ഷാൻ പ്രവിശ്യയിൽ വടക്കുകിഴക്കൻ ദരായിം ജില്ലയിലാണ് സംഭവം. തീയിട്ട് നശിപ്പിച്ചാൽ നഷ്ടപരിഹാരം വേണമെന്ന് കർഷകർ ആവശ്യപ്പെട്ടതാണ് താലിബാൻ സൈനികരെ പ്രകോപിപ്പിച്ചത്.
പണം മടക്കി ചോദിച്ചതോടെ കർഷകരുമായി തർക്കമുണ്ടാകുകയായിരുന്നു. പതിനഞ്ചോളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. താലിബാൻ ജില്ലാ കമാൻഡറും ആറ് താലിബാൻ സേനാംഗങ്ങളും പരിക്കേറ്റവരിൽ ഉൾപ്പെടുമെന്നും ഈ റിപ്പോർട്ട് പറയുന്നു.
വ്യാഴാഴ്ചയായിരുന്നു സംഭവം. കർഷകരുടെ പ്രതിഷേധത്തെ തുടർന്ന് താലിബാൻ ഈ മേഖലയിലെ റോഡ് ബ്ലോക്ക് ചെയ്തതായും നാട്ടുകാർ പറയുന്നു. താലിബാൻ സൈന്യം കൂടുതൽ ശിക്ഷാ നടപടികൾക്ക് മുതിരുമോയെന്ന ഭീതിയിലാണ് നാട്ടുകാർ.
താലിബാൻ അധികാരം പിടിച്ചെടുത്തതോടെ അഫ്ഗാനിലെ കർഷകരുടെ ജീവിതം ഇരുട്ടിലായിരുന്നു. ഉൽപ്പന്നങ്ങൾക്ക് വിലയില്ലാതെ ആയതോടെ വ്യാപകമായി കറുപ്പുകൃഷിയിലേക്ക് ഇവർ തിരിഞ്ഞു. മുൻ വർഷത്തെക്കാൾ 32 ശതമാനം കറുപ്പുകൃഷി വർദ്ധിച്ചുവെന്നാണ് യുഎൻ ഡ്രഗ്‌സ് ആന്റ് ക്രൈം ഓഫീസിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.
താലിബാൻ ഭരണം പിടിച്ച 2021 ഓഗസ്റ്റിന് ശേഷം ഇപ്പോൾ 2,33,000 ഹെക്ടറിൽ വരെ കറുപ്പുകൃഷി വ്യാപിച്ചതായാണ് കണക്ക്. 2022 ഏപ്രിലിൽ കറുപ്പുകൃഷിക്ക് താലിബാൻ വിലക്കേർപ്പെടുത്തിയെങ്കിലും കറുപ്പിന്റെ വില കുതിച്ചുകയറിയതല്ലാതെ മറ്റൊരു പ്രയോജനവും ഉണ്ടായിട്ടില്ല.
Discussion about this post