ബംഗളൂരു: രാഹുൽ ഗാന്ധി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്ന് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ. കർണാടകയിലെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കർണാടകയിലെ കോൺഗ്രസിന്റെ വിജയം ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ചുവട്ടുപടിയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും രാഹുൽ ഗാന്ധിയായിരുന്നു കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി. ഇക്കുറിയും അദ്ദേഹം തന്നെയാണ്. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ വരും. രാഹുൽ ഗാന്ധി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയത്തിലേക്കുള്ള ആദ്യ ചവിട്ടുപടിയാണ് കർണാടകയിലെ കോൺഗ്രസിന്റെ നേട്ടം. ബിജെപി തറപറ്റിക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിന് ഏറ്റ ശക്തമായ തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലം. 20 തവണയെങ്കിലും പ്രചാരണത്തിനായി പ്രധാനമന്ത്രി കർണാടകയിൽ എത്തിയിട്ടുണ്ടാകും. ഇത് തോൽക്കുമോയെന്ന ഭയം കാരണം ആണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ മറ്റൊരു പ്രധാനമന്ത്രിയും ഇത്രയേറെ പ്രചാരണം നടത്തിയിട്ടുണ്ടാകില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
ബിജെപി ഭരണത്തിൽ ജനങ്ങൾ നട്ടം തിരിഞ്ഞു. ഒപ്പറേഷൻ താരമയ്ക്കായി കോടിക്കണക്കിന് രൂപയാണ് ബിജെപി ചിലവിട്ടത്. അടുത്തിടെ രാഹുൽ നടത്തിയ ഭാരത് ജോഡോ യാത്ര വലിയ പ്രീതിയാണ് നേടിക്കൊടുത്തത്. മതേതര പാർട്ടിയ്ക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ് കോൺഗ്രസിന്റെ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.








