ലക്‌നൗ: ഉത്തർപ്രദേശിൽ ഗുണ്ടകളെ ഏറ്റുമുട്ടലിലൂടെ വധിച്ച് പോലീസ്. പോലീസുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ രണ്ട് ഗുണ്ടകളെയാണ് പോലീസ് വകവരുത്തിയത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
ഒറായ് സ്വദേശി കല്ലു, റഹിയ സ്വദേശി രമേഷ് എന്നിവരാണ് മരിച്ചത്. കോട്ട്‌വാലി പോലീസ് സ്‌റ്റേഷനിലെ കോൺസ്റ്റബിൾ ഭേദ്ജിത് സിംഗിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ഇവർ. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തെ ഇവർ കൊലപ്പെടുത്തിയത്. ഇവർക്കായുള്ള അന്വേഷണത്തിനിടെ ദേശീയ പാതയ്ക്ക് സമീപത്തെ രഹസ്യ കേന്ദ്രത്തിൽ ഇരുവരും ഒളിച്ചു കഴിയുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ ഇവരെ പിടികൂടാൻ സ്ഥലത്ത് എത്തിയതായിരുന്നു പോലീസ് സംഘം.
എന്നാൽ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചു. പിടികൂടുമെന്ന ഘട്ടം വന്നതോടെ ഇവർ പോലീസിനെ ആക്രമിക്കുകയായിരുന്നു. ഇതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ശക്തമായ വെടിവയപ്പിനിടെ കല്ലുവും രമേഷും പരിക്കേറ്റ് വീഴുകയായിരുന്നു. ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.










