കോട്ടയം: പാലാ ജനറൽ ആശുപത്രിയിലെ ഡോക്ടർക്ക് നേരെ ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ. പറമ്പുഴ ഇറഞ്ഞാൽ കുന്നംപള്ളിൽ വീട്ടിൽ മനു (34) ആണ് അറസ്റ്റിലായത്. മദ്യലഹരിയിൽ ആശുപത്രിയിൽ എത്തിയ ഇയാൾ ഡ്യൂട്ടി ഡോക്ടറെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ചികിത്സയ്ക്കായി എത്തിയ മനു ഇതിനിടെ ഡ്യൂട്ടി ഡോക്ടറുമായി തർക്കത്തിലേർപ്പെടുകയായിരുന്നു. തർക്കം മൂർച്ഛിച്ചതോടെ ഇയാൾ ഡ്യൂട്ടി ഡോക്ടറെ ഭീഷണിപ്പെടുത്തി. സംഭവ സമയം സമീപത്ത് നഴ്‌സ് ഉണ്ടായിരുന്നു. ഇവരെയും മനു ഭീഷണിപ്പെടുത്തി. ഇരുവരെയും കൊന്നുകളയും എന്നായിരുന്നു ഭീഷണി.
ഇതിന് പിന്നാലെ ആശുപത്രി അധികൃതർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി മനുവിനെ അറസ്റ്റ് ചെയ്തു. പാലാ പോലീസ് ആ് മനുവിനെ അറസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം കോട്ടയം ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി എത്തിച്ച പ്രതി വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ആരോഗ്യപ്രവർത്തകർക്ക് നേരെ അതിക്രമം ഉണ്ടാകുന്നത്.












