കൊല്ലം: യുവ വനിതാ ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ പോലീസിന്റെ വീഴ്ച എണ്ണിപ്പറഞ്ഞ് കൊട്ടാരക്കര താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ റിപ്പോർട്ട്. സമയോജിതമായി ഇടപെടുന്നതിൽ പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണ് വന്ദനയുടെ മരണത്തിലേക്ക് നയിച്ചത് എന്നാണ് സൂപ്രണ്ടിന്റെ റിപ്പോർട്ടിലുള്ളത്. നേരത്തെ തങ്ങളുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന് നേർ വിപരീതമാണ് സൂപ്രണ്ടിന്റെ റിപ്പോർട്ട്. ഈ റിപ്പോർട്ട് സൂപ്രണ്ട് ഡിഎംഒയ്ക്ക് കൈമാറിയിട്ടുണ്ട്.
കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു സന്ദീപിനെ ചികിത്സയ്ക്കായി പോലീസും ബന്ധുക്കളും ചേർന്ന് ആശുപത്രിയിൽ എത്തിച്ചത് എന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതിന് അരമണിക്കൂറിന് ശേഷമാണ് പ്രതി അക്രമാസക്തനാകുന്നത്. ബഹളം കേട്ട് ഒബ്‌സർവേഷൻ റൂമിലേക്ക് എത്തിയ പോലീസ് സന്ദീപ് ആക്രമിക്കാൻ ശ്രമിച്ചതും തിരിഞ്ഞ് ഓടി. വന്ദനയെ ആശുപത്രിയിൽ എത്തിച്ച ശേഷമാണ് പിന്നീട് ഇവർ തിരികെയെത്തുന്നത്.
സംഭവം നടക്കുമ്പോൾ നാല് പോലീസുകാരും സെക്യൂരിറ്റിയും കാഷ്വാലിറ്റിയിൽ ഉണ്ടായിരുന്നു. ഇവരുടെ കയ്യിൽ ലാത്തിയുണ്ടായിരുന്നില്ല. കസേരയെടുത്താണ് ഒബ്‌സർവേഷൻ റൂമിലേക്ക് ഇവർ എത്തിയത്. എന്നാൽ പിന്നാലെ തിരികെയിറങ്ങി. 4.42 നാണ് വന്ദനയെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആക്രമണത്തിന് പിന്നാലെ പോലീസ് കാഷ്വാലിറ്റിയുടെ വാതിൽ പുറത്ത് നിന്നും അടച്ചിരുന്നു. ഇക്കാരണത്താലാണ് അകത്തേക്ക് ഓടിയെത്താൻ കഴിയാതിരുന്നത് എന്ന് സെക്യൂരിറ്റി മൊഴി നൽകിയതായും റിപ്പോർട്ടിലുണ്ട്.
ഉദ്യോഗസ്ഥർ രക്ഷിക്കാൻ പരമാവധി ശ്രമിച്ചുവെന്നായിരുന്നു ഹൈക്കോടതിയിൽ പോലീസ് നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. പ്രതിയായിട്ടല്ല പരാതിക്കാരനായിട്ടായിരുന്നു സന്ദീപിനെ ആശുപത്രിയിൽ എത്തിച്ചത്. അക്രമാസക്തനായതോടെ കീഴ്‌പ്പെടുത്താൻ ശ്രമിച്ചു. ഇതിനിടെ പോലീസുകാർക്ക് പരിക്കേറ്റ സംഭവവും പോലീസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Discussion about this post