കോട്ടയം: പാമ്പാടിയിൽ പോലീസുകാരനെ മർദ്ദിച്ച് ഗൃഹനാഥൻ. പാമ്പാടി പോലീസ് സ്‌റ്റേഷനിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ ജിതിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ പ്രതി പാമ്പാടി നെടുംകുഴി സ്വദേശിയായ സാമിനായി പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു.
ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം. തന്നെയും മക്കളെയും മർദ്ദിക്കുന്നുവെന്ന പരാതിയുമായി സാമിന്റെ ഭാര്യ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചിരുന്നു. ഇതിന് പിന്നാലെ സംഭവം അന്വേഷിക്കാൻ അർദ്ധരാത്രി തന്നെ ജിതിൻ സാമിന്റെ വീട്ടിൽ എത്തി. മറ്റൊരു പോലീസുകാരനും ഒപ്പമുണ്ടായിരുന്നു. വീട്ടിലെത്തിയ ജിതിൻ കാര്യങ്ങൾ തിരക്കാൻ അകത്തേക്ക് കയറി. ജിതിനെ കണ്ടതും മദ്യലഹരിയിൽ ആയിരുന്ന സാം ആക്രമിക്കുകയായിരുന്നു.
അടിയേറ്റ് ജിതിൻ നിലത്ത് വീണു. ഇതോടെ സാം ഓടി രക്ഷപ്പെടുകയായിരുന്നു. ഉടനെ തന്നെ ഒപ്പമുണ്ടായിരുന്ന പോലീസുകാരൻ ജിതിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സാം ഒളിവിൽ ആണെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ സാമിനെതിരെ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Discussion about this post