ന്യൂഡൽഹി; മയക്കുരുന്ന് കേസിൽ മകൻ ആര്യൻ ഖാനെ കുടുക്കാതിരിക്കാൻ ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തി കൈക്കൂലി ആവശ്യപ്പെട്ടതായി സിബിഐയുടെ എഫ്‌ഐആർ. കേസിൽ ഒന്നാം പ്രതിയായ എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയ്ക്കു വേണ്ടി സാക്ഷിയായ കെ പി ഗോസാവിയാണ് ഷാരൂഖിൽ നിന്നും 25 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചത്.
സമീർ വാങ്കഡെ, എൻസിബിയിലെ സൂപ്രണ്ട് വിവി സിംഗ്, ആര്യൻ ഖാന്റെ കേസിലെ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ ആശിഷ് രഞ്ജൻ എന്നിവരേയും കെ പി ഗോസാവി, കൂട്ടാളി ഡിസൂസ എന്നിവരെ പ്രതികളാക്കി സിബിഐ എഫ്‌ഐആർ ഫയൽ ചെയ്തു. സമീർ വാങ്കഡെ, കെ പി ഗോസാവി, പ്രഭാകർ സെയിൽ എന്നിവരെ പ്രതികൾക്കെതിരായ നടപടികളിൽ സ്വതന്ത്ര സാക്ഷികളാക്കാൻ നിർദേശിച്ചതായാണ് റിപ്പോർട്ട്.
എഫ്‌ഐആർ അനുസരിച്ച്, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിൽ പ്രതികളെ എൻസിബി ഓഫീസിലേക്ക് കൊണ്ടുവന്നത് കെ പി ഗോസാവിയുടെ സ്വകാര്യവാഹനത്തിലാണ്. സാക്ഷിയായ ഗോസാവിയെ കുറ്റാരോപിതരുടെ കൂടെ ഹാജരാകാൻ അനുവദിച്ചതും റെയ്ഡിനു ശേഷം എൻസിബി ഓഫീസിൽ വരാൻ അനുവദിച്ചതും സാക്ഷിക്കു വേണ്ടിയുള്ള മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും ഇത് കേസ് കെട്ടിച്ചമക്കാൻ ഉദ്യോഗസ്ഥർ ബോധപൂർവം ചെയ്തതാണെന്നുമാണ് എഫ്‌ഐആറിൽ പറയുന്നത്.








