ന്യൂഡൽഹി: പൗരത്വനിയമ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച കേസിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്ന് ആംആദ്മി കൗൺസിലർ താഹിർ ഹുസ്സൈൻ. ഇക്കാര്യം ആവശ്യപ്പെട്ട് താഹിർ ഹുസ്സൈൻ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി. 2020 ഫെബ്രുവരിയിലായിരുന്നു താഹിർ ഹുസ്സൈന്റെ നേതൃത്വത്തിൽ വൻ അക്രമ പരമ്പര ഡൽഹിയിൽ അരങ്ങേറിയത്.
കേസുമായി ബന്ധപ്പെട്ട് രണ്ട് എഫ്‌ഐആറുകളാണ് താഹിർ ഹുസ്സൈനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ ഒന്ന് റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ. രണ്ട് എഫ്‌ഐആറുകളിലും ആരോപിക്കപ്പെടുന്ന കാര്യങ്ങൾ ഒന്നാണ്. അതിനാൽ രണ്ടാമത്തേത് റദ്ദാക്കണം. മറ്റ് കേസുകളുമായി ബന്ധപ്പെട്ടും തനിക്കെതിരെ എഫ്‌ഐആറുകൾ ഉണ്ട്. തുടർച്ചയായി എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്യുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് വികാസ് മഹാജന്റെ ബെഞ്ചിന് മുൻപാകെയാണ് ഹർജി. ഈ മാസം 25 ന് ഹർജി പരിഗണിക്കും.
കേസുമായി ബന്ധപ്പെട്ട വിചാരണ ഇനിയും ആരംഭിച്ചിട്ടില്ല. ഇതിനിടെയാണ് കൂടുതൽ ഗൗരവമേറിയ കുറ്റങ്ങൾ ചുമത്തിക്കൊണ്ടുള്ള എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് താഹിർ ഹുസ്സൈൻ ഹർജി സമർപ്പിച്ചത്. ഹർജി ലഭിച്ചതിന് പിന്നാലെ പരിശോധിച്ച കോടതി രണ്ട് കേസുകളും വ്യത്യസ്തമാണെന്ന് വാക്കാൽ അഭിപ്രായപ്പെട്ടു. അഭിഭാഷക താര നരുല വഴിയാണ് താഹിർ ഹുസ്സൈൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.









