കോയമ്പത്തൂർ: കാട്ടാനയുടെ ആക്രമണത്തിൽ വിദ്യാർത്ഥി കൊല്ലപ്പെട്ടു.
കേരള – തമിഴ്‌നാട് അതിർത്തിയിൽ ആനക്കട്ടിയിലാണ് സംഭവം. ഇന്നലെ രാത്രിയാണ് വിദ്യാർത്ഥിയെ കാട്ടാന ആക്രമിച്ചത്. ആനക്കട്ടിയിൽ പഠനത്തിനെത്തിയ രാജസ്ഥാൻ സ്വദേശിയാണ് കൊല്ലപ്പെട്ടത്.
സാലിം അലി ഇൻസ്റ്റിറ്റ്യൂട്ടിലെ വിശാൽ ശ്രീമാലയാണ് മരിച്ചത്.ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് സുഹൃത്തുക്കളോടൊപ്പം മുറിയിലേക്ക് നടക്കുകയായിരുന്നു വിശാൽ. പെട്ടെന്ന് അവിടെയെത്തിയ കാട്ടാനയെ കണ്ട് എല്ലാവരും ഓടാൻ ശ്രമിച്ചെങ്കിലും ആ ആന വിശാലിനെ ആക്രമിച്ചു. യുവാവിനെ ആന എടുത്തെറിയുകയായിരുന്നു,
സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട സുഹൃത്തുക്കൾ ആന ആക്രമിച്ച സംഭവം നാട്ടുകാരോട് പറയുകയുമായിരുന്നു. ഇതേത്തുടർന്ന് അവിടെയെത്തിയ ജീവനക്കാർ സാരമായി പരിക്കേറ്റ വിശാലിനെ രക്ഷപ്പെടുത്തുകയും ഉടൻ തന്നെ കേരള സംസ്ഥാന അതിർത്തിയിലുള്ള കോട്ടത്തുറ സർക്കാർ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകുകയും ചെയ്തു. അവിടെ പരിശോധിച്ച ഡോക്ടർമാർ വിശാലിന് ഇടുപ്പിനും നെഞ്ചിനും സാരമായി പരിക്കേറ്റതായി കണ്ടെത്തി പ്രാഥമിക ചികിത്സ നൽകുകയും തുടർ ചികിത്സയ്ക്ക് ശുപാർശ ചെയ്യുകയും ചെയ്തു. ഇതിന് ശേഷം വിശാലിനെ ആംബുലൻസിൽ മറ്റൊരു ആശുപത്രിയിൽ എത്തിച്ച് വിദഗ്ധ ചികിത്സ നൽകിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Discussion about this post