ബംഗളൂരു : കർണാടകയിൽ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിച്ചതിന് പിന്നാലെയും പാർട്ടിക്കുള്ളിൽ പ്രതിസന്ധി തുടരുന്നു. സിദ്ധരാമയ്യയെ കർണാടക മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതിന് പിന്നാലെ ഡികെ അനുയായികൾ പ്രതിഷേധവുമായി രംഗത്തെത്തുകയാണ്. ദത്ത് പുത്രൻ വേണോ അതോ യഥാർത്ഥ പുത്രൻ വേണോ എന്നാണ് നേതൃത്വത്തിന് നേരെ ഉയർത്തുന്ന ചോദ്യം. ഡികെയ്ക്ക് ഉപമുഖ്യമന്ത്രി പദം നൽകാമെന്ന് ഉറപ്പ് നൽകിയെങ്കിലും പിസിസി അദ്ധ്യക്ഷൻ അത് നിരസിക്കുകയാണ് ഉണ്ടായത്. സംസ്ഥാന പാർട്ടി അദ്ധ്യക്ഷനായി തുടരുമെന്നും ഡികെ അറിയിച്ചിട്ടുണ്ട്.
സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞ നാളെ ഉച്ചയ്ക്ക് 3.30 ന് ഉണ്ടായേക്കും. ഇതിനായി ഡൽഹിയിൽ നീക്കങ്ങൾ ശക്തമാവുകയാണ്. ആദ്യ ഘട്ടത്തിൽ സിദ്ധരാമയ്യ മാത്രമാകും സത്യപ്രതിജ്ഞ ചെയ്യുക എന്ന സൂചനകളും ലഭിക്കുന്നുണ്ട്. എന്നാൽ ഡികെ ശിവകുമാർ ഇടഞ്ഞുനിൽക്കുകയാണ്. സിദ്ധരാമയ്യ ജനകീയനായതിനാൽ അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനം നൽകാമെന്ന നേതൃത്വത്തിന്റെ നീക്കത്തെ ശിവകുമാർ ശക്തമായി എതിർക്കുകയാണ്. സിദ്ധരാമയ്യ ജനകീയനാണെങ്കിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർട്ടി തോറ്റത് എന്തുകൊണ്ടെന്ന ചോദ്യമാണ് ഡികെ ഉയർത്തുന്നത്.
പാർട്ടി അദ്ധ്യക്ഷനായി തുടരുന്ന ഡികെയ്ക്ക് പ്രധാന വകുപ്പുകൾ നൽകി മന്ത്രിസഭിൽ ഉൾപ്പെടുത്താനുള്ള അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്. ഇത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. മുദ്രാവാക്യം വിളികളുമായി ഡികെയുടെ അനുയായികളും പ്രതിഷേധം നടത്തുന്നുണ്ട്.
ഇത് രണ്ടാം തവണയാണ് സിദ്ധരാമയ്യ കർണാടക മുഖ്യന്ത്രിയാകുന്നത്. 2013 മുതൽ 2018 വരെയാണ് അദ്ദേഹം ആദ്യ തവണ മുഖ്യമന്ത്രിയായിരുന്നത്. ഇത്തവണ വരുണയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സിദ്ധരാമയ്യ 46,163 വോട്ടുകൾക്കാണ് വിജയിച്ചത്.








