ഇസ്ലാമാബാദ് : പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വീട് ഭീകരരുടെ താവളമാണെന്ന് പാകിസ്താൻ പഞ്ചാബ് ഭരണകൂടം. ഇമ്രാൻ ഖാന്റെ ലഹോറിലെ സമാൻ പാർക്ക് റെസിഡൻസിലെ വീട്ടിൽ നിരവധി ഭീകരർ ഒളിച്ചിരിപ്പുണ്ടെന്നും ഇവരെ ഉടൻ പോലീസിന് കൈമാറണമെന്നും സർക്കാർ അറിയിച്ചു. ഇന്റലിജൻസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഭരണകൂടം അന്ത്യശാസനം നൽകിയത്.
30 മുതൽ 40 വരെ തീവ്രവാദികൾ ഇമ്രാന്റെ വീട്ടിൽ താമസിക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചിട്ടുണ്ട്. സൈനിക കെട്ടിടങ്ങൾ ആക്രമിച്ച ഭീകരരെ സമാൻ പാർക്കിലാണ് താമസിപ്പിച്ചിരിക്കുന്നത്. ഈ ഭീകരരെ ഉടൻ പോലീസിന് കൈമാറണം. ഇല്ലെങ്കിൽ ഉടൻ നടപടിയെടുക്കുമെന്നും സർക്കാർ അന്ത്യശാസനം നൽകി.
പാകിസ്താന്റെ ചരിത്രത്തിലാദ്യമായി, ഇമ്രാൻ ഖാന്റെ അനുയായികൾ റാവൽപിണ്ടിയിലെ സൈനിക ആസ്ഥാനത്ത് അതിക്രമിച്ച് കയറി ആക്രമണം നടത്തിയിരുന്നു. നേരത്തെ ജിന്ന ഹൗസ് എന്ന് അറിയപ്പെട്ടിരുന്നു ലാഹോറിലെ ചരിത്രപ്രസിദ്ധമായ കോർപ്‌സ് കമാൻഡർ ഹൗസ് കത്തിച്ചു. ഇമ്രാൻ ഖാന്റെ അറസ്റ്റിന് പിന്നാലെയാണ് ഈ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഇതിന് പിന്നാലെ ഇവർ ഇമ്രാൻ ഖാന്റെ വസതി ഒളിത്താവളമാക്കിയതായാണ് വിവരം.
Discussion about this post