ജനീവ: വരാനിരിക്കുന്നത് കൊടും ചൂടിന്റെ വർഷങ്ങളാണെന്ന മുന്നറിയിപ്പുമായി യുഎൻ. 2023 മുതൽ 2027 വരെ ഇതുവരെയുണ്ടാകാത്ത ഏറ്റവും ഉയർന്ന അന്തരീക്ഷ താപനിലയാണ് അനുഭവപ്പെടുകയെന്നാണ് മുന്നറിയിപ്പ്. ഹരിതഗൃഹ വാതകങ്ങളും, എൽ നിനോ പ്രതിഭാസവുമാണ് അന്തരീക്ഷ താപനിലയിലുണ്ടാകുന്ന ഈ വർദ്ധനവിലേക്ക് നയിക്കുന്നത്.
ഇതുവരെ 2015 നും 2022 നും ഇടയിലാണ് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് രൂക്ഷമാകാൻ മൂന്നിൽ രണ്ട് സാദ്ധ്യതയാണ് ഉള്ളതെന്ന് യുഎൻ വേൾഡ് മെട്രോളജിക്കൽ ഓർഗനൈസേഷൻ വ്യക്തമാക്കുന്നു. കാലാവസ്ഥാ മാറ്റം ഇത് രൂക്ഷമാക്കും. കാലാവസ്ഥ വ്യതിയാനം തടയുന്നതിലൂടെ മാത്രമേ ഈ സാഹചര്യത്തിന് തടയിടാൻ കഴിയൂ എന്നും ഓർഗനൈസേഷൻ മുന്നറിയിപ്പ് നൽകുന്നുണ്ട്.
2015 ലെ പാരിസ് ഉടമ്പടി പ്രകാരം ആഗോളതാപനില 1850-1900 എന്ന ശരാശരിയിൽ നിന്നും 2 ഡിഗ്രി സെൽഷ്യസ് കുറയ്ക്കാമെന്ന ധാരണയിലായിരുന്നു രാജ്യങ്ങൾ എത്തിയിരുന്നത്. 2 ഡിഗ്രി സെൽഷ്യസ് സാദ്ധ്യമായില്ലെങ്കിൽ 1.5 ഡിഗ്രി സെൽഷ്യസിന്റെ കുറവെങ്കിലും ഉണ്ടാക്കുമെന്നായിരുന്നു തീരുമാനം. എന്നാൽ 2022 ൽ ശരാശരിയേക്കാൾ 1.15 ഡിഗ്രി സെൽഷ്യസിന്റെ വർദ്ധനവാണ് ഉണ്ടായിരുന്നത്. വരും വർഷങ്ങളിൽ 1.1 ഡിഗ്രി സെൽഷ്യസ് മുതൽ 1.8 ഡിഗ്രി സെൽഷ്യസ് വരെ താപനിലയിൽ വർദ്ധനവ് ഉണ്ടായേക്കമെന്നാണ് പ്രവചനം. അതേസമയം താപനിലയിലെ ഈ വർദ്ധനവ് താത്കാലികം ആയിരിക്കുമെന്നും യുഎൻ വേൾഡ് മെട്രോളജിക്കൽ ഓർഗനൈസേഷൻ വ്യക്തമാക്കുന്നുണ്ട്.
വരും മാസങ്ങളിൽ എൽനിനോ പ്രതിഭാസത്തിന് സാദ്ധ്യതയുണ്ട്. ഇതും മനുഷ്യൻ പരിസ്ഥിതിയിൽ സൃഷ്ടിക്കുന്ന ആഘാതങ്ങളും കാലാവസ്ഥയെ സാരമായി ബാധിക്കും. ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇതിനായി തയ്യാറാകേണ്ടതുണ്ട്. ആരോഗ്യം, ഭക്ഷ്യസുരക്ഷ, ജല ലഭ്യത, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ കാര്യങ്ങളിൽ മുന്നൊരുക്കങ്ങൾ നടത്തണം. ഈ മാസം ആദ്യവാരം തന്നെ പ്രതിഭാസത്തിന്റെ 60 ശതമാനവും പൂർണമായിട്ടുണ്ട്. ജൂലൈയിൽ പ്രതിഭസം 80 ശതമാനം പൂർണമാകും. സെപ്തംബറോടെ പ്രതിഭാസം രൂപപ്പെടുമെന്നും ഓർഗനൈസേഷൻ അറിയിക്കുന്നു. രണ്ട് മുതൽ ഏഴ് വർഷംവരെയുള്ള ഇടവേളകളിലാണ് എൽ നിനോ പ്രതിഭാസം രൂപപ്പെടാറുളളത്.
Discussion about this post