മുംബൈ: മുംബൈ ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെ തടവിലാക്കപ്പെട്ട പാക് വംശജനായ കനേഡിയൻ വ്യവസായി തഹാവുർ റാണ(62)യെ ഇന്ത്യയ്ക്ക് കൈമാറാമെന്ന് കാലിഫോർണിയയിലെ യുഎസ് കോടതി വിധിച്ചു. ലോസ് ഏഞ്ചൽസിലുള്ള യുഎസ് ഡിസ്ട്രിക്ട് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരം തഹാവൂർ റാണയെ കൈമാറണമെന്ന് ഇന്ത്യ അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. 2008 നവംബർ 26നുണ്ടായ മുംബൈ ഭീകരാക്രമണത്തിൽ 166 പേരാണ് ദാരുണമായി കൊല ചെയ്യപ്പെട്ടത്.
സുഹൃത്തായ യുഎസ് പൗരൻ ഡേവിഡ് ഹെഡ്‌ലിയുമൊത്ത് പാക്ക് ഭീകര സംഘടനകളായ ലഷ്‌കർ ഇ ത്വയ്ബ, ഹർക്കത്തുൽ മുജാഹിദ്ദീൻ എന്നിവയ്ക്കായി മുംബൈ ഭീകരാക്രമണം നടത്താൻ ഗൂഢാലോചന നടത്തിയതിനാണ് റാണ ഇന്ത്യയിൽ അന്വേഷണം നേരിടുന്നത്. നയതന്ത്ര മാർഗങ്ങളിലൂടെ തഹാവൂർ റാണയെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് എൻഐഎ വ്യക്തമാക്കിയിട്ടുണ്ട്. റാണയെ വിട്ടുകിട്ടിയാൽ മുംബൈ ഭീകരാക്രമണ കേസിൽ പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയുടെ പങ്ക് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നും എൻഐഎ ഉദ്യോഗസ്ഥർ പറഞ്ഞു.
കേസിൽ മാപ്പുസാക്ഷിയാക്കപ്പെട്ട ഹെഡ്‌ലിക്ക് യുഎസ് കോടതി നേരത്തെ 35 വർഷം ജയിൽശിക്ഷ വിധിച്ചിരുന്നു. ഡേവിഡ് ഹെഡ്‌ലിയോടൊപ്പം ചേർന്ന് റാണ ഗൂഢാലോചന നടത്തിയെന്നും, മുംബൈ ഭീകരാക്രമണത്തിൽ ഇയാൾക്ക് വ്യക്തമായ പങ്കുണ്ടാകാൻ സാധ്യതയുണ്ടെന്നും യുഎസ് കോടതിയുടെ കൈമാറ്റ ഉത്തരവിൽ പറയുന്നു. ഇന്ത്യയിലേക്ക് റാണയെ കൈമാറുന്നതിനെ റാണയുടെ അഭിഭാഷകൻ എതിർത്തിരുന്നു.
Discussion about this post