ശ്രീവൽസം ഹോംസിന്റെ കയറംപാറയിലെ നിവേദിതത്തിൽ ഫ്‌ലാറ്റ് എടുത്തതിന് പിന്നാലെ നേരിടേണ്ടിവന്ന ദുരനുഭവങ്ങൾ തുറന്നുപറയുന്ന പ്രവാസി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. കൈയ്യലുള്ളതെല്ലാം എണ്ണിപ്പെറുക്കിയും ലോണെടുത്തും ഭാര്യയുടെ സ്വർണം വിറ്റുമാണ് നിർമ്മാണം നടന്നുകൊണ്ടിരുന്ന ഫ്‌ലാറ്റ് വാങ്ങിയത്. ഫ്‌ലാറ്റ് ആയത് കൊണ്ട് തന്നെ ഉള്ളിലുള്ള കാര്യങ്ങൾ കൂടുതലായി ശ്രദ്ധിച്ചു. പുറത്തെ പല കാര്യങ്ങൾക്കും കൂടുതൽ ശ്രദ്ധ കൊടുത്തില്ല. എന്നാൽ പിന്നീടാണ് ഇവിടുത്തെ പല പ്രശ്‌നങ്ങളും മനസിലായത് എന്ന് യുവാവ് പറയുന്നു. ജിഥിൻ ദിനേശ് എന്നയാളാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
മഴവെള്ള സംഭരണി, സ്വീവേജ്, സെപ്റ്റിക് ടാങ്കിന് മതിയായ ശേഷി, അഗ്‌നി ബാധ ഉണ്ടായാൽ രക്ഷപ്പെടാനുള്ള ഗോവണി, സുരക്ഷാ മുൻകരുതൽ എന്നിവയെല്ലാം മുനിസിപ്പൽ എൻജിനീയർ സാക്ഷ്യപെടുത്തിയ രേഖയിലും ഡ്രോയിംഗിലും ഉണ്ടായിരുന്നു. എന്നാൽ രേഖകളിൽ ഉള്ളത് പോലെയല്ല ടാങ്കുകളുടെ നിർമ്മാണം നടത്തിയിട്ടുള്ളത്. മുനിസിപ്പാലിറ്റിയെ തെറ്റിദ്ധരിപ്പിക്കുകയോ എൻജിനീയറെ വിലയ്ക്ക് വാങ്ങി അംഗീകാരം നേടുകയോ ആണ് ഇവിടെ ചെയ്തിട്ടുള്ളത്. അതിന്റെ പാർശ്വഫലങ്ങൾ ഫ്‌ലാറ്റ് വാങ്ങിയവർ ആണ് അനുഭവിക്കുന്നത് എന്ന് പോസ്റ്റിൽ പറയുന്നു.
നിയമത്തെ നോക്കുകുത്തിയാക്കി ബിൽഡിങ്ങ് നിർമ്മാണം നടത്തിയ ബിൽഡർ ഇതൊന്നും കണ്ട ഭാവം നടിക്കുന്നില്ല. മുനിസിപ്പാലിറ്റി രേഖകൾ വിശ്വസിച്ച് ഫ്‌ലാറ്റ് വാങ്ങിയ താൻ ഇനി എങ്ങനെ അവിടെ താമസിച്ച് മുന്നോട്ട് പോകും എന്ന നിസ്സഹായവസ്ഥയിലാണ്. ഇതിനൊരു പരിഹാരം കാണാൻ പാലക്കാട് ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടും ഒരു തീരുമാനത്തിൽ എത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇനിയാർക്കും ഇതുപോലൊരു അബദ്ധം പറ്റരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നുണ്ട്.
പോസ്റ്റിന്റെ പൂർണരൂപം വായിക്കാം –
ഇനിയാർക്കും ഇതുപോലൊരു അബദ്ധം പറ്റരുത്
സ്വന്തമായൊരു വീട് എന്നത് എല്ലാവരുടെയും സ്വപ്നം ആണ്. ആ സ്വപ്നത്തിന് ചിറക്ക് മുളച്ചപ്പോൾ അതിന്റെ പിന്നിൽ എനിക്കുണ്ടായ ദുരനുഭവം ഇനിയാർക്കും ഉണ്ടാവരുതെന്ന് കരുതി പങ്കുവെക്കുന്നു..
വീടെന്ന ചിന്ത മനസിൽ കയറിയപ്പോൾ മുതൽ പലരുമായും അതേകുറിച്ച് സംസാരിച്ചു തുടങ്ങി.. 2014ൽ ഗൾഫിൽ പ്രവാസി ആയത് കൊണ്ട് തന്നെ ഫ്‌ലാറ്റ് വാങ്ങണമെന്ന തീരുമാനത്തിൽ എത്തുകയും ചെയ്തു.. ആലുവ , കോഴിക്കോട്, തൃശ്ശൂർ, ഒറ്റപ്പാലം ഫ്‌ലാറ്റുകൾ അന്വേഷണം ആരംഭിച്ചു. തറവാടിന്റെ അടുത്ത സ്ഥലം ഒറ്റപ്പാലം ആയത് കൊണ്ട് ശ്രീവൽസം ഹോംസിന്റെ കയറംപാറയിലെ നിവേദിതത്തിൽ ഫ്‌ലാറ്റ് എടുക്കാൻ തീരുമാനിച്ചു.
കയ്യിലുള്ളതെല്ലാം എണ്ണി പെറുക്കിയും ഭാര്യയുടെ സ്വർണം വിറ്റും പ്രവാസി ആയത് കൊണ്ട് SBI യിൽ നിന്ന് ഹൗസിങ്ങ് ലോണും തരപ്പെടുത്തി നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്ന ഫ്‌ലാറ്റ് വാങ്ങി.. പിന്നീട്2016 ആണ് അവിടെ തമാസമാക്കിയത്.. ഫ്‌ലാറ്റ് വാങ്ങുമ്പോൾ ഉള്ളിലെ കാര്യങ്ങളിലാണ് കൂടുതൽ ശ്രദ്ധ കൊടുത്തത് common ആയിട്ടുള്ള മറ്റ് പല കാര്യങ്ങളും വിശദമായ അന്വേഷണം നടത്തിയില്ല.. മഴവെള്ള സംഭരണി, സ്വീവേജ്, സെപ്റ്റിക് ടാങ്കിന് മതിയായ ശേഷി, അഗ്‌നി ബാധ ഉണ്ടായാൽ രക്ഷപ്പെടാനുള്ള ഗോവണി, സുരക്ഷാ മുൻകരുതൽ അതെല്ലാം മുനിസിപ്പൽ engineer സാക്ഷ്യപെടുത്തിയ രേഖയിലും drawingലും ഉള്ളത്‌കൊണ്ട് അതു വാങ്ങി സൂക്ഷിച്ചു.
ഈ കാര്യങ്ങൾ ശ്രീവൽസം ഹോംസ് 12 വീട്ടുകാർക്ക് അവശ്യമായിട്ടുള്ള ടാങ്കുകൾ അല്ല അവിടെ നിർമ്മിച്ചിട്ടുള്ളത്. രേഖകളിൽ ഉള്ളത് പോലെയല്ല ടാങ്കുകളുടെ നിർമ്മാണവും നടത്തിയിട്ടുള്ളത്.. മുനിസിപ്പാലിറ്റിയെ തെറ്റിദ്ധരിപ്പിക്കുകയോ എൻജിനീയറെ വിലയ്ക്ക് വാങ്ങി അംഗീകാരം നേടുകയോ ആണ് ചെയ്തിട്ടുള്ളത്.. അതിന്റെ പാർശ്വഫലങ്ങൾ ഫ്‌ലാറ്റ് വാങ്ങിയവർ ആണ് അനുഭവിക്കുന്നത്.. ചില ചിത്രങ്ങൾ കൂടെ ചേർക്കുന്നു..
മഴ പെയ്താലും സ്വീവേജ് സംവിധാനം തടസ്സപ്പെട്ടാലും പാർക്കിംഗ് വെള്ളക്കെട്ടിൽ മുങ്ങും..
__________________________________
ഫ്‌ലാറ്റ് വാങ്ങുമ്പോൾ കോമൺ ഏരിയ ഭാഗങ്ങളിൽ അത്യാവശ്യം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ സൂചിപ്പിക്കുന്നു..
__________________________________
1, കെട്ടിട നിർമാണ ചട്ടപ്രകാരം ജലസംഭരണത്തിനുള്ള സംവിധാനം, ജലവിതരണം,
2, മാലിന്യ ശേഖരണത്തിനും നിർമാർജനത്തിനുമുള്ള സൗകര്യം, (മഴക്കാലത്തും അല്ലാത്തപ്പോഴും വേസ്റ്റ് മാനേജ്‌മെന്റ് എങ്ങനെയാണെന്ന് നോക്കണം)
3, മഴവെള്ള സംഭരണി,
4, സ്വീവേജ് സംവിധാനം
5, സെപ്റ്റിക് ടാങ്കിന് മതിയായ ശേഷി,
6, അഗ്‌നി ബാധ ഉണ്ടായാൽ രക്ഷപ്പെടാനുള്ള ഗോവണി,
7, സുരക്ഷാ മുൻകരുതൽ
8, മാലിന്യം നീക്കം ചെയ്യുന്നത് സംബന്ധിച്ച്
9, വാട്ടർ ടാങ്ക് കപ്പാസിറ്റി
10,വേസ്റ്റ് വാട്ടർ മാനേജ്‌മെന്റ്…
11,പലപ്പോഴും കാർപാർക്കിങ് ഒരു വലിയ തലവേദനയായി മാറുന്നതിനാൽ കാർ പാർക്ക് ചെയ്യുന്നതിനുള്ള സ്ഥലം രേഖാമൂലം എഴുതി വാങ്ങണം. പാർക്കിങ് ലോട്ടിലേക്ക് തൂണുകൾ ഇടിക്കാതെ എളുപ്പത്തിൽ പാർക്ക് ചെയ്യാൻ പറ്റുമോ എന്നുകൂടി നോക്കണം.
12, അപ്പാർട്ട്‌മെന്റുകൾ സ്വന്തം നിലയ്ക്ക് സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്
13, മഴ പെയ്താൽ മാൻഹോൾ അടഞ്ഞ് ബേസ്‌മെന്റിൽ വെള്ളക്കെട്ട് ഉണ്ടാവുമോ എന്നും ചോദിച്ചറിയുക. ബേസ്‌മെന്റിൽ വെള്ളം കളയാനുള്ള രണ്ടാമത്തെ ടാങ്ക് ഓപ്ഷനുണ്ടോ എന്നും പരിശോധിക്കണം.
14,കുടിവെള്ള സ്രോതസ്സ്, മറ്റ് ആവശ്യത്തിനുള്ള വെള്ളത്തിന്റെ സ്രോതസ്സ് എന്നിവ അന്വേഷിച്ചറിയണം. കിണറിൽ നിന്നോ കുഴൽക്കിണറിൽ നിന്നോ കോർപ്പറേഷൻ പരിധിയിൽനിന്നോ വരുന്ന വെള്ളമാണോ എന്നെല്ലാം മനസ്സിലാക്കണം. 15,കുഴൽക്കിണറിൽനിന്നുള്ള വെള്ളമാണെങ്കിൽ അതിന്റെ ഫിൽറ്ററിങ്ങും മറ്റുകാര്യങ്ങളും ചോദിച്ചറിയണം
ബിൽഡർ മേൽ പറഞ്ഞ കാര്യങ്ങൾ മതിയായവിധം സ്ഥാപിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പാക്കണം. ഈ കാര്യങ്ങളും കുറിച്ചുവെച്ച് അന്വേഷിക്കുന്നത് നല്ലതാണ്.
വ:- ഇവിടെ നിയമത്തിനെ നോക്കുകുത്തിയാക്കി ബിൽഡിങ്ങ് നിർമ്മാണം നടത്തിയ ബിൽഡർ ഇതൊന്നും കണ്ട ഭാവം നടിക്കുന്നില്ല.. മുനിസിപ്പാലിറ്റി രേഖകൾ വിശ്വസിച്ച് ഫ്‌ലാറ്റ് വാങ്ങിയ ഞാൻ ഇനി എങ്ങനെ അവിടെ താമസിച്ച് മുന്നോട്ട് പോകും എന്ന നിസ്സഹായവസ്ഥയിൽ ആണ്.. ഇതിനൊരു പരിഹാരം കാണാൻ ബഹു.പാലക്കാട് ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടും ഒരു തീരുമാനത്തിൽ എത്തിയിട്ടില്ല..
Discussion about this post