ഹിരോഷിമ: ജി 7 നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കാൻ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആവേശ സ്വീകരണം ഒരുക്കി ഹിരോഷിമയിലെ ഇന്ത്യൻ സമൂഹം. ഇന്ത്യൻ പതാകയുമേന്തിയാണ് പ്രവാസി സമൂഹം മാതൃരാജ്യത്തിന്റെ പ്രധാനമന്ത്രിയെ വരവേൽക്കാൻ എത്തിയത്. എല്ലാവരെയും അഭിവാദ്യം ചെയ്ത് നീങ്ങിയ പ്രധാനമന്ത്രി അവരുടെ അടുത്ത് ചെന്ന് ക്ഷേമാന്വേഷണവും നടത്തി.
ജപ്പാന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ജി 7 നേതാക്കളുടെ യോഗത്തിൽ ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയുടെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. ജി 20 അധ്യക്ഷപദം അലങ്കരിക്കുന്ന ഭാരതത്തിന് അന്താരാഷ്ട്രവേദിയിൽ ലഭിക്കുന്ന മറ്റൊരു അംഗീകാരം കൂടിയാണ് പ്രധാനമന്ത്രിയുടെ ജി 7 ലെ സാന്നിദ്ധ്യം.
ലോകം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും അതിനെ ഒരുമിച്ച് നേരിടേണ്ട സാഹചര്യത്തെക്കുറിച്ചും ജി 7 നേതാക്കളോടും മറ്റ് ക്ഷണിക്കപ്പെട്ട അതിഥികളോടും വിശദീകരിക്കുമെന്ന് യാത്ര തിരിക്കും മുൻപ് പ്രധാനമന്ത്രി പറഞ്ഞു. ലോകനേതാക്കളുമായി ഉഭയകക്ഷി ചർച്ചകളും പ്രധാനമന്ത്രി നടത്തും. നേരത്തെ വിമാനത്താവളത്തിൽ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണം അധികൃതർ ഒരുക്കിയിരുന്നു.
ജപ്പാനിൽ നിന്ന് പോർട്ട് മൊറേസ്ബിയിലും പാപ്പുവ ന്യൂഗ്യിനിയയിലും പ്രധാനമന്ത്രി സന്ദർശനം നടത്തും. പാപ്പുവ ന്യൂ ഗ്യിനിയയിൽ സന്ദർശനം നടത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ഫോറം ഫോർ ഇന്ത്യ പസഫിക് ഐലന്റ് കോർപ്പറേഷന്റെ മൂന്നാമത് ഉച്ചകോടിയിൽ പാപ്പുവ ന്യൂ ഗ്യിനിയ പ്രധാനമന്ത്രി ജയിംസ് മറാപ്പെയ്‌ക്കൊപ്പം പ്രധാനമന്ത്രിയും അദ്ധ്യക്ഷത വഹിക്കും.
14 പസഫിക് ദ്വീപ് രാജ്യങ്ങളാണ് ഉച്ചകോടിയിൽ പങ്കെടുക്കുക. 2014 ൽ പ്രധാനമന്ത്രിയുടെ ഫിജി സന്ദർശന വേളയിലാണ് ഫോറം ഫോർ ഇന്ത്യ പസഫിക് ഐലന്റ് കോർപ്പറേഷൻ രൂപീകരിച്ചത്.
Discussion about this post