ഹിരോഷിമ: സമാധാനം ഇപ്പോൾ വളരെ അടുത്തെത്തുകയാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കി. ജി7 ഉച്ചകോടിക്ക് മുന്നോടിയായി സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് സെലൻസ്‌കിയുടെ പ്രതികരണം. ജപ്പാൻ ജി7 ഉച്ചകോടിയിൽ യുക്രെയ്‌ന്റെ പ്രധാനപ്പെട്ട പങ്കാളികളുമായും സുഹൃത്തുക്കളുമായും സുപ്രധാന ചർച്ചകൾ നടത്തും. നമ്മുടെ വിജയത്തിന് വേണ്ടുള്ള സുരക്ഷയും സഹകരണവും എല്ലാം വർദ്ധിപ്പിക്കും. ഇന്ന് സമാധാനം വളരെ അടുത്ത് എത്തിയിരിക്കുകയാണ്” സെലൻസ്‌കി കുറിച്ചു.
യുക്രെയ്‌നുമായി യുദ്ധം തുടരുന്ന സാഹചര്യത്തിൽ റഷ്യയ്‌ക്കെതിരായ ഉപരോധം ശക്തമാക്കാനാണ് ജി7 നേതാക്കളുടെ തീരുമാനം. റഷ്യയ്‌ക്കെതിരെ ഒന്നിച്ച് നിൽക്കണമെന്നും നേതാക്കൾ നിലപാടെടുത്തു. ഇത് സംബന്ധിച്ച് ജി7 രാജ്യങ്ങൾ സംയുക്ത പ്രസ്താവനയും പുറത്തിറക്കി. യുക്രെയ്‌നിൽ നിന്നും സേനയെ റഷ്യ പിൻവലിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ കീവിന് ആവശ്യമായ സാമ്പത്തികവും സൈനികവും നയപരവുമായ പിന്തുണ ജി7 രാജ്യങ്ങൾ നൽകും.
യുക്രെയ്‌ന് യുദ്ധവിമാനങ്ങളും പൈലറ്റ് പരിശീലനവും നൽകുന്നതിന് അമേരിക്കൻ പ്രസിഡന്റ് ഡോ ബൈഡൻ പിന്തുണച്ചിട്ടുണ്ട്. ജി7 ഉച്ചകോടിയിൽ ഞായറാഴ്ച നടക്കുന്ന രണ്ട് സെഷനുകളിൽ സെലൻസ്‌കി പങ്കെടുക്കുമെന്ന് ജപ്പാൻ അറിയിച്ചിട്ടുണ്ട്. ജപ്പാന് പുറമെ ജർമ്മനി, കാനഡ, അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി എന്നീ രാജ്യങ്ങളിലെ നേതാക്കളും യൂറോപ്യൻ യൂണിയൻ നേതാക്കളും ക്ഷണിക്കപ്പെട്ട രാജ്യമായി ഇന്ത്യയുമാണ് ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.











