ഹിരോഷിമ: പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രൈയ്ൻ പ്രസിഡന്റ് വ്‌ളോദിമിർ സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തി. റഷ്യൻ അധിനിവേശത്തിന് ശേഷം ആദ്യമായാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്.
‘ റഷ്യയുക്രെയ്ൻ യുദ്ധം ലോകത്തിലെ വലിയ പ്രശ്‌നമാണ്. ഇത് സമ്പദ് വ്യവസ്ഥയുടെയും രാഷ്ട്രീയത്തിന്റെയും മാത്രം പ്രശ്‌നമായി കാണുന്നില്ല. ഇത് മനുഷ്യത്വത്തിന്റെ പ്രശ്‌നമാണ്. യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇന്ത്യയും ഞാനും പറ്റുന്നതെല്ലാം ചെയ്യും’- എന്ന് നരേന്ദ്രമോദി സെലൻസ്‌കിയ്ക്ക് ഉറപ്പ് നൽകി.
ജപ്പാനിലെ ഹിരോഷിമയിൽ നടക്കുന്ന ജി-7 ഉച്ചകോടിക്കിടെയാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്. ഹിരോഷിമയിൽ പ്രധാനമന്ത്രി മോദി ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ, വിയറ്റ്നാം പ്രധാനമന്ത്രി ഫാം മിൻ ചിൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എന്നിവരുമായും കൂടിക്കാഴ്ച നടത്തി.
റഷ്യ-യുക്രൈയ്ൻ യുദ്ധം ആരംഭിച്ചത് മുതൽ, ഇന്ത്യ യുദ്ധത്തിനെതിരാണെന്നും സമാധാനത്തിന് ഒപ്പമാണെന്നുമുള്ള നിലപാടാണ് സ്വീകരിച്ചത്. യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടണമെന്ന് വിദേശരാജ്യങ്ങളടക്കം അഭ്യർത്ഥിച്ചിരുന്നു. ഇതു യുദ്ധത്തിന്റെ കാലഘട്ടം അല്ലെന്നു പ്രധാനമന്ത്രി നേരത്തേതന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.
Discussion about this post