ബംഗളൂരു : കർണാടകയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് പിന്നാലെ വിധാൻസൗധയിലേക്കെത്തിയ നേതാക്കളുടെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും മറ്റ് നേതാക്കളും ഒന്നിച്ചാണ് സഭയിലേക്ക് എത്തിയത്. എന്നാൽ വിധാൻസൗധയിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് ഡികെ അവിടുത്തെ പടികളിൽ തൊഴുത്, ചുംബിക്കുകയായിരുന്നു.
സിദ്ധരാമയ്യ പടികയറി പോയതിന് ശേഷമായിരുന്നു ഡികെയുടെ പ്രകടനം. പടികയറുന്നതിന് മുൻപ് ഒരു നിമിഷം നിന്ന ഡികെ പടികളെ വണങ്ങി മുട്ടുകുത്തി ചുംബിച്ച ശേഷം തൊഴുത് എഴുന്നേൽക്കുകയായിരുന്നു. തുടർന്ന് അകത്തേക്ക് നടന്നുപോയി.
വിധാൻസൗധയ്ക്ക് മുന്നിൽ കുമ്പിടുന്ന ചിത്രം ഡികെ ട്വിറ്ററിലൂടെ പങ്കുവച്ചു. ”ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും അഭിലാഷങ്ങളെ സംരക്ഷിക്കുന്ന വിധാൻസഭ, പരിപാവനമായ ക്ഷേത്രം പോലെയാണ്” എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.








