ന്യൂഡൽഹി : ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയുടെ ചെന്നൈയിലുള്ള വീട് വിറ്റു. അദ്ദേഹം ജനിച്ച് വളർന്ന അശോക നഗറിലുള്ള വീടാണ് വിറ്റത്. തമിഴ് നടനും നിർമ്മാതാവുമായ സി മണികണ്ഠനാണ് വീട് വാങ്ങിയത്.
‘സുന്ദർ പിച്ചൈ നമ്മുടെ രാജ്യത്തെ അഭിമാനത്തിന്റെ കൊടുമുടിയിൽ എത്തിച്ച വ്യക്തിയാണ്. അദ്ദേഹം താമസിച്ചിരുന്ന വീട് വാങ്ങുന്നത് എന്റെ ജീവിതത്തിലെ അഭിമാനകരമായ നേട്ടമായിരിക്കും,” എന്നാണ് സി.മണികണ്ഠൻ പറഞ്ഞത്. ഗൂഗിൾ സിഇഒയുടെ പിതാവ് ആർഎസ് പിച്ചൈ കുറച്ചുകാലം യുഎസിലായിരുന്നതിനാൽ വീട് വാങ്ങാൻ മണികണ്ഠന് നാലുമാസം കാത്തിരിക്കേണ്ടി വന്നു.
മാതാപിതാക്കളുടെ വിനയത്തോടെയുള്ള പെരുമാറ്റമാണ് തന്നെ അത്ഭുതപ്പെടുത്തിയതെന്ന് മണികണ്ഠൻ പറഞ്ഞു. ‘അവരുടെ വിനയവും എളിമയോടെയുള്ള സമീപനവും എന്നെ വിസ്മയിപ്പിച്ചു. സുന്ദറിന്റെ അമ്മ സ്വന്തം കൈകൊണ്ട് എനിക്ക് ഫിൽട്ടർ കോഫി ഉണ്ടാക്കിത്തന്നു. അദ്ദേഹത്തിന്റെ അച്ഛൻ ആദ്യ കണ്ടുമുട്ടലിൽ തന്നെ രേഖകൾ കൈമാറുമെന്ന് ഉറപ്പ് നൽകി.” അദ്ദേഹം പറഞ്ഞു
”വാസ്തവത്തിൽ, സുന്ദർ പിച്ചൈയുടെ അച്ഛന് രജിസ്‌ട്രേഷൻ ഓഫീസിൽ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വന്നു. രേഖകൾ എനിക്ക് കൈമാറുന്നതിന് മുമ്പ് ആവശ്യമായ എല്ലാ നികുതികളും അവർ അടച്ചു. അദ്ദേഹത്തിന്റെ ജീവിതത്തിലെ ആദ്യത്തെ സമ്പാദ്യമായത് കൊണ്ട് തന്നെ രേഖകൾ കൈമാറുമ്പോൾ അദ്ദേഹം വിങ്ങിപ്പൊട്ടുകയായിരുന്നു” എന്നും മണികണ്ഠൻ പറഞ്ഞു.
20 വയസ് വരെ സുന്ദർ പിച്ചൈ താമസിച്ചിരുന്ന വീടാണ് അത്. ഖരഗ്പൂരിലെ ഐഐടിയിലേക്ക് 1989 ലാണ് മെറ്റലർജിക്കൽ എഞ്ചിനീയറിംഗ് പഠനം തുടരാൻ പോയത്. തുടർന്ന് സ്റ്റാൻഫോർഡ് സർവകലാശാലയിൽ സ്‌കോളർഷിപ്പ് ലഭിക്കുകയായിരുന്നു.
Discussion about this post