കോഴിക്കോട്: ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ഭർത്താവിന് അഞ്ചംഗ സംഘത്തിന്റെ ക്രൂരമർദ്ദനം. ഇരിങ്ങാടൻപള്ളി സ്വദേശി അശ്വിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് അശ്വിൻ പറയുന്നു.
ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു സംഭവം. രാത്രി നഗരത്തിലെ സിനിമാ തിയറ്ററിൽ നിന്നും സിനിമ കണ്ടശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു അശ്വിനും യുവതിയും. ഇതിനിടെ രണ്ട് ബൈക്കുകളിലായി അഞ്ചംഗ സംഘം ഇവരെ വളയുകയായിരുന്നു. സംഘത്തിലെ ഒരാൾ യുവതിയോട് കണ്ണിറുക്കി കാണിക്കുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്തു. ഇത് അശ്വിൻ ചോദ്യം ചെയ്തതോടെയായിരുന്നു മർദ്ദനം.
വാഹനം നിർത്തിയ ശേഷം സംഘം അശ്വിന് നേരെ അടുത്തു. ഇതിലൊരാൾ അശ്വിന്റെ മുഖത്ത് അടിച്ചു. പിന്നാലെ മറ്റുള്ളവരും മർദ്ദിക്കുകയായിരുന്നു. സംഭവ ശേഷം ഇവർ നടക്കാവ് പോലീസ് സ്‌റ്റേഷനിൽ എത്തി പരാതി നൽകി.
വണ്ടിയുടെ നമ്പർ സഹിതമാണ് പരാതി നൽകിയത് എന്ന് അശ്വിൻ പറഞ്ഞു. നല്ല മഴയുണ്ടായിരുന്നതിനാൽ തങ്ങൾക്ക് വീഡിയോ പകർത്താൻ കഴിഞ്ഞില്ല. സംഘം മദ്യപിച്ചിരുന്നുവെന്നാണ് കരുതുന്നത്. എന്തിനായിരുന്നു തങ്ങളെ ആക്രമിച്ചത് എന്ന കാര്യം അറിയില്ലെന്നും അശ്വിൻ പ്രതികരിച്ചു.
Discussion about this post