ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന്റെ ആദ്യ ഘട്ടം ഈ വർഷം തന്നെ പൂർത്തിയാകുമെന്ന് രാമക്ഷേത്ര നിർമ്മാണ കമ്മിറ്റി ചെയർമാൻ ന്രിപേന്ദ്ര മിശ്ര. ഡിസംബർ 30 നുള്ളിൽ തന്നെ ക്ഷേത്രത്തിന്റെ ആദ്യഘട്ട നിർമ്മാണം പൂർത്തിയാകും. ഇതിനായുള്ള പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് ഘട്ടങ്ങളിലായാണ് രാമക്ഷേത്രത്തിന്റെ നിർമ്മാണം തീരുമാനിച്ചിരിക്കുന്നത്.
ഈ വർഷം ഡിംസബറിൽ ക്ഷേത്രത്തിന്റെ ആദ്യ ഘട്ട നിർമ്മാണം പൂർത്തിയാക്കുമെന്നായിരുന്നു ക്ഷേത്ര ട്രസ്റ്റിന്റെ തീരുമാനം. അതിനായി നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നുണ്ട്. അഞ്ച് മണ്ഡപകങ്ങൾ, താഴത്തെ നിലയുടെ നിർമ്മാണം, ശ്രീകോവിൽ എന്നിവയാണ് ആദ്യ ഘട്ടത്തിൽ ഉള്ളത്.
ശ്രീകോവിലിന്റെ നിർമ്മാണം പൂർത്തിയാക്കി പ്രതിഷ്ഠ നടത്തും. അടുത്ത വർഷം ജനുവരി മുതൽ ക്ഷേത്രം ആളുകൾക്കായി തുറന്ന് നൽകും. അഞ്ച് മണ്ഡപങ്ങൾക്കായുള്ള 160 ഭിത്തികളുടെ നിർമ്മാണ പ്രവർത്തനം പൂർത്തിയായി. ഒന്നാംഘട്ടം പൂർത്തിയായാൽ രണ്ടാം ഘട്ടം ഉടൻ ആരംഭിക്കും. രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ അടുത്ത വർഷം ഡിസംബറോട് കൂടി പൂർത്തിയാക്കും. 2025 ഡിസംബറോടെ മൂന്നാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാകുമ്പോഴേക്കും 1400 മുതൽ 1500 കോടി രൂപവരെ ചിലവാകുമെന്നാണ് കണക്കാക്കുന്നത്. ഇതിൽ താഴത്തെ നിലയുടെ നിർമ്മാണത്തിന് മാത്രം 300 കോടി വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത വർഷം ജനുവരി ഒന്ന് മുതൽ ക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നേരത്തെ വ്യക്തമാക്കിയിരുന്നു.









