ബംഗളൂരു: ബംഗളൂരുവിൽ കനത്ത മഴ. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ മല്ലേശ്വരം നയൻത് ക്രോസിലെ നിഹാൻ ജ്വല്ലറിയിൽ വെള്ളം കയറി രണ്ടരക്കോടി രൂപയുടെ സ്വർണ്ണാഭരണങ്ങൾ ഒലിച്ച് പോയതായി പരാതി. ജ്വല്ലറിക്കകത്ത് ഉണ്ടായിരുന്ന 80 ശതമാനം ആഭരണങ്ങളും ഫർണ്ണീച്ചറുകളും ഒലിച്ച് പോയതായാണ് പരാതിയിൽ പറയുന്നത്. അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പാച്ചിലിൽ ഷട്ടർ പോലും അടക്കാൻ കഴിയാതെ വന്നതോടെയാണ് ആഭരണങ്ങളടക്കം ഒലിച്ച് പോകുന്ന സ്ഥിതിയുണ്ടായത്. നിമിഷനേരം കൊണ്ടായിരുന്നു കടയിലേക്ക് വെള്ളം കുത്തിയൊലിച്ചെത്തിയത്.
കടയ്ക്കുള്ളിൽ വെള്ളവും ചെളിയും മാലിന്യവുമെല്ലാം നിറഞ്ഞതോടെ ഉടമയും മറ്റ് ജീവനക്കാരുമെല്ലാം പുറത്തേക്ക് ഓടി രക്ഷപെടുകയായിരുന്നു. കുത്തിയൊലിച്ചെത്തിയ വെള്ളത്തിൽ ഷോക്കേസിൽ വച്ചിരുന്ന ആഭരണങ്ങൾ അടക്കം ഒലിച്ച് പോയി. വെള്ളത്തിന്റെ ശക്തിയിൽ ഷോറൂമിന്റെ പുറകുവശത്തെ വാതിൽ തുറന്നതോടെയാണ് മുഴുവൻ ആഭരണങ്ങളും ഒഴുകി പോയത്.
ജ്വല്ലറിയുടെ ഒന്നാം വാർഷികം ആഘോഷിക്കാനായി വലിയ തോതിൽ സ്വർണം ശേഖരിച്ച് വച്ചിട്ടുണ്ടായിരുന്നു. ഇതടക്കമാണ് നഷ്ടമായത്. കോർപ്പറേഷൻ അധികൃതരെ സഹായത്തിന് വിളിച്ചിട്ടും യാതൊരു മറുപടിയും ലഭിച്ചില്ലെന്ന് ഉടമ പരാതിപ്പെട്ടു. അടുത്തിടെ പ്രദേശത്തെ അഴുക്ക് ചാലുകളും ഓടകളും നവീകരിച്ചിരുന്നു. നിർമ്മാണത്തിൽ വന്ന അശാസ്ത്രീയതയാണ് ഇത്രയും വലിയ നഷ്ടത്തിന് ഇടയാക്കിയതെന്നും ജ്വല്ലറി ഉടമ പറയുന്നു.
Discussion about this post