ശ്രീനഗർ: കശ്മീരിൽ നടക്കുന്ന മൂന്നാമത് ജി20 ടൂറിസം വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൽ വിദേശപ്രതിനിധികൾക്കൊപ്പം നാട്ടു നാട്ടു പാട്ടിന് ചുവട് വച്ച് രാംചരൺ. കൊറിയൻ അംബാസിഡർ ചാങ് ജെ ബോക്കിനെ രാം ചരൺ പാട്ടിന് ചുവടുകൾ പഠിപ്പിക്കുന്ന വീഡിയോ ടൂറിസം മന്ത്രാലയം ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. അറുപതിലേറെ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്.
കശ്മീരിനെ കുറിച്ച് തനിക്ക് ഏറെ പ്രിയപ്പെട്ട ഓർമ്മകളാണ് ഉള്ളതെന്ന് രാം ചരൺ പറഞ്ഞു. 1986 മുതൽ തനിക്ക് കശ്മീരുമായി ബന്ധമുണ്ട്. ഗുൽമാർഗിലും സോനാമാർഗിലുമായി തന്റെ പിതാവ് ചിരഞ്ജീവി ധാരാളം സിനിമകൾ ചിത്രീകരിച്ചിട്ടുണ്ട്. ഇപ്പോൾ യോഗം നടക്കുന്ന ഓഡിറ്റോറിയത്തിലാണ് 2016ൽ തന്റെ ചിത്രമായ ധ്രുവ ചിത്രീകരിച്ചതെന്നും രാം ചരൺ പറഞ്ഞു. കശ്മീർ എല്ലാവരുടേയും ശ്രദ്ധ പിടിച്ച് പറ്റുന്ന സ്ഥലമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര ഭരണപ്രദേശമായ കശ്മീരിലെ ടൂറിസത്തിന് പ്രോത്സാഹനം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ശ്രീഗറിൽ ടൂറിസം വർക്കിങ് ഗ്രൂപ്പ് യോഗം നടത്തിയത്. ജി20 ഷെർപ്പ അമിതാഭ് കാന്ത്, കേന്ദ്ര സാംസ്‌കാരിക- ടൂറിസം വകുപ്പ് മന്ത്രി ജി. കിഷൻ റെഡ്ഡി, കേന്ദ്രമന്ത്രി ജിതേന്ദ്ര പ്രസാദ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Discussion about this post