ഭോപ്പാൽ: കുനോ നാഷണൽ പാർക്കിൽ അവശനിലയിൽ കാണപ്പെട്ട ചീറ്റ കുഞ്ഞ് ചത്തു. നമീബിയൻ ചീറ്റയായ ജ്വാല ജന്മം നൽകിയ നാല് കുഞ്ഞുങ്ങളിൽ ഒരാളാണ് ചത്തത്. ജനിച്ചപ്പോൾ മുതൽ തന്നെ ചീറ്റ കുഞ്ഞിന് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി പാർക്ക് അധികൃതർ അറിയിച്ചു.
ഇന്നലെയായിരുന്നു സംഭവം. നിലവിൽ പാർക്കിനുള്ളിലെയും വിശാല വനത്തിലേക്കും തുറന്നുവിട്ട ചീറ്റകൾ അധികൃതരുടെ സൂക്ഷ്മ നിരീക്ഷണത്തിലാണ്. ഇന്നലെ ജ്വാലയ്‌ക്കൊപ്പം മൂന്ന് കുഞ്ഞുങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇതേ തുടർന്ന് പാർക്ക് അധികൃതർ നടത്തിയ പരിശോധനയിൽ നാലാമത്തെ കുഞ്ഞിനെ അവശനിലയിൽ കാണപ്പെടുകയായിരുന്നു. ഉടനെ വിവരം ഡോക്ടർമാരെ അറിയിച്ചു. ഇവർ എത്തി ആവശ്യമായ ചികിത്സ നൽകിയെങ്കിലും അൽപ്പനേരത്തിന് ശേഷം മരിച്ചു.
ആരോഗ്യക്കുറവാണ് ചീറ്റ കുഞ്ഞിന്റെ മരണത്തിന് കാരണമായത് എന്നാണ് അധികൃതർ അറിയിക്കുന്നത്. ജനിച്ചപ്പോൾ മുതൽ ചീറ്റ കുഞ്ഞിന് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. മാർച്ച് അവസാന വാരമാണ് ജ്വാല നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ബാക്കിയുള്ള മൂന്ന് ചീറ്റ കുഞ്ഞുങ്ങളും ആരോഗ്യത്തോടെയിരിക്കുന്നതായി അധികൃതർ വ്യക്തമാക്കി.
അതേസമയം കുഞ്ഞ് ഉൾപ്പെടെ നാല് ചീറ്റകളാണ് ചത്തത്. ഈ മാസം ഒൻപതിന് ആൺ ചീറ്റകളുമായുള്ള ഏറ്റുമുട്ടലിൽ ദക്ഷ എന്ന ചീറ്റ ചത്തിരുന്നു.








