ജയ്പൂർ : ഏഴ് വയസുകാരിയായ പെൺകുട്ടിയെ അച്ഛൻ മറ്റൊരാൾക്ക് വിറ്റു. രാജസ്ഥാനിലെ ധോർപൂരിലാണ് സംഭവം. 4.50 ലക്ഷം രൂപയ്ക്കാണ് അച്ഛൻ മകളെ വിറ്റത്. തുടർന്ന് ഈ പെൺകുട്ടിയെ 38 കാരൻ വിവാഹം കഴിച്ചുവെന്നാണ് ലഭിക്കുന്ന വിവരം.
മാനിയയിലാണ് സംഭവം നടന്നത്. ഭൂപ്പൽ സിംഗ് എന്നയാളാണ് പെൺകുട്ടിയെ അവളുടെ അച്ഛനിൽ നിന്ന് വാങ്ങിയത്. പണം കൊടുത്ത് വാങ്ങിയ കുട്ടിയെ മെയ് 21 ന് ഇയാൾ വിവാഹം കഴിച്ചു.
വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് എത്തി അന്വേഷണം നടത്തി. മാനിയ ഡെപ്യൂട്ടി സൂപ്രണ്ട് ദീപക് ഖണ്ഡേൽവാളിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിൽ റെയ്ഡ് നടത്തി പെൺകുട്ടിയെ കണ്ടെത്തി. അവളുടെ കൈകളിലും കാലുകളിലും മൈലാഞ്ചിയുണ്ടായിരുന്നു. തുടർന്ന് ഇയാളുടെ കുടുംബം പെൺകുട്ടിയെ വാങ്ങിയതാണെന്ന് തുറന്നുപറഞ്ഞു.
സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ഇതിന് പിന്നിൽ ആരൊക്കെ പ്രവർത്തിച്ചിട്ടുണ്ടെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
Discussion about this post