ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പുതിയ പാസ്‌പോർട്ടിനായുള്ള ഹർജിയിൽ വാദം കേൾക്കുന്നത് മെയ് 26ലേക്ക് കോടതി മാറ്റി. എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിന് ശേഷം നയതന്ത്ര യാത്രാ രേഖകൾ രാഹുലിന് ബാധകമാണ്.
ഇതിന് പിന്നാലെയാണ് പുതിയ സാധാരണ പാസ്‌പോർട്ടിനായി ‘നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്’ ആവശ്യപ്പെട്ട് രാഹുൽഗാന്ധി കോടതിയെ സമീപിച്ചത്. ക്രിമിനൽ കേസുകളൊന്നും നിലവിലില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ എൻഒസി അനുവദിക്കണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടത്.
നാഷണൽ ഹെറാൾഡ് കേസിൽ പ്രതിയായത് അപേക്ഷയിൽ വാദം കേൾക്കുമ്പോൾ രാഹുൽ ഗാന്ധിയ്ക്ക് തിരിച്ചടിയാകുമെന്നാണ് സൂചന. നാഷണൽ ഹെറാൾഡ് കേസിൽ പരാതിക്കാരനായ ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമിയുടെ വാദങ്ങൾ കോടതിയ്ക്ക് കേൾക്കേണ്ടതുണ്ട്. അപേക്ഷയിൽ മറുപടി നൽകാൻ സുബ്രഹ്മണ്യ സ്വാമിക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
“അപേക്ഷകൻ 2023 മാർച്ചിൽ പാർലമെന്റ് അംഗത്വം അവസാനിപ്പിച്ചു, അതിനാൽ അദ്ദേഹം തന്റെ നയതന്ത്ര പാസ്‌പോർട്ട് സറണ്ടർ ചെയ്ത് പുതിയ സാധാരണ പാസ്‌പോർട്ടിന് അപേക്ഷ നൽകിയിട്ടുണ്ട്, നിലവിലെ അപേക്ഷ പ്രകാരം, അപേക്ഷകൻ ഈ കോടതിയിൽ നിന്ന് അനുമതി തേടുകയാണ്, പാസ്പോർട്ട് അനുവദിക്കുന്നതിന് കോടതിയിൽ നിന്ന് എതിർപ്പുണ്ടാകേണ്ട കാര്യമില്ല. അദ്ദേഹത്തിന് പുതിയ സാധാരണ പാസ്‌പോർട്ട് അനുവദിക്കണം,” അപേക്ഷയിൽ പറയുന്നു.
Discussion about this post