ശ്രീനഗർ: ഭീകരവാദ കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിൽ വീണ്ടും പരിശോധന. പാകിസ്താൻ ഭീകര സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുന്ന എട്ട് ഭീകരരുടെ വീടുകളിലാണ് പരിശോധന നടന്നത്. പരിശോധനയിൽ നിർണായക വിവരങ്ങൾ ശേഖരിച്ചതായാണ് വിവരം.
ചെനാബ് താഴ്‌വര കേന്ദ്രീകരിച്ച് ഭീകര പ്രവർത്തനങ്ങൾ നടത്തിയതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലാണ് അന്വേഷണം. ജമ്മു കശ്മീർ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കിഷ്ത്വാർ, റാമ്പാൻ ജില്ലകളിൽ ഭീകരരുമായി ബന്ധമുള്ള കേന്ദ്രങ്ങളിലായിരുന്നു അന്വേഷണ സംഘം എത്തിയത്. കേസുമായി ബന്ധപ്പെട്ട് പരിശോധന നടത്താൻ കഴിഞ്ഞ ദിവസം ജമ്മു കശ്മീർ എൻഐഎ കോടതി അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു അന്വേഷണ സംഘം പരിശോധനയ്ക്കായി ഇറങ്ങിയത്. ജമ്മു കശ്മീരിൽ നിന്നും ഭീകരവാദം പൂർണമായി തുടച്ചു നീക്കുന്നതിന് വേണ്ടിയാണ് തങ്ങളുടെ പ്രവർത്തനം എന്ന് അന്വേഷണ സംഘം പ്രതികരിച്ചു.
കേസുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ 18 ന് പ്രത്യേക അന്വേഷണ സംഘം അഞ്ച് ഭീകരരുടെ വീടുകളിൽ പരിശോധന നടത്തിയിരുന്നു. അഞ്ച് പേരെയും സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനും ഇവരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സഹായികളെയും കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു പരിശോധന. ഇവിടെ നിന്നും ശേഖരിച്ച തെളിവുകൾ ഹാജരാക്കികൊണ്ടാണ് കേസുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധന നടത്താൻ അന്വേഷണ സംഘം അനുമതി തേടിയത്.










