ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാനുളള പ്രതിപക്ഷ പാർട്ടികളുടെ ആഹ്വാനം തളളി ബിജു ജനതാദൾ. ചരിത്ര മുഹൂർത്തത്തിൽ പങ്കെടുക്കുമെന്ന് ഒഡീഷ മുഖ്യമന്ത്രി ബിജു പട്‌നായിക്കിന്റെ പാർട്ടിയായ ബിജു ജനതാദൾ പ്രസ്താവനയിൽ വ്യക്തമാക്കി. പാർലമെന്റും രാഷ്ട്രപതിയെയുമൊക്കെ ഏത് പ്രശ്‌നത്തിനും മുകളിലായി കാണണം, അല്ലെങ്കിൽ അതിന്റെ വിശുദ്ധിയെയും ആദരവിനെയും ബാധിക്കുമെന്നും ബിജെഡി പ്രസ്താവനയിൽ വിശദീകരിച്ചു.
പ്രതിപക്ഷത്തിന് പ്രശ്‌നമുണ്ടെങ്കിൽ ആഗസ്റ്റിൽ പാർലമെന്റ് ചേരുമ്പോൾ ചർച്ച ചെയ്യുകയാണ് വേണ്ടതെന്നും പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയുടെ തലവനാണ് രാഷ്ട്രപതി. പാർലമെന്റ് 1.4 ബില്യൻ ജനങ്ങളെ പ്രതിനിധീകരിക്കുന്നതും. ഈ രണ്ട് സ്ഥാപനങ്ങളും ഇന്ത്യൻ ജനാധിപത്യത്തിന്റെ അടയാളങ്ങളാണെന്നും ബിജു ജനതാദൾ ചൂണ്ടിക്കാട്ടി.
ഇത്തരം ഭരണഘടനാ സ്ഥാനങ്ങളും സ്ഥാപനങ്ങളും ഏതൊരു വിഷയത്തിനും മുകളിലായിരിക്കണമെന്നും അല്ലാത്ത പക്ഷം അതിന്റെ വിശുദ്ധിയെയും ആദരവിനെയും ബാധിക്കുമെന്നുമാണ് ബിജു ജനതാദളിന്റെ കാഴ്ചപ്പാടെന്നും ബിജെഡി വിശദീകരിച്ചു.
ആന്ധ്ര മുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്ഡിയും പ്രതിപക്ഷത്തിന്റെ ബഹിഷ്‌കരണാഹ്വാനം തളളിക്കളഞ്ഞു. ഇത്തരം ചടങ്ങുകൾ ബഹിഷ്‌കരിക്കുന്നത് ജനാധിപത്യത്തിന്റെ യഥാർത്ഥ അന്തസത്തയ്ക്ക് ചേർന്നതല്ലെന്നും മറ്റ് അഭിപ്രായ ഭിന്നതകൾ മാറ്റിവെച്ച് ചടങ്ങിൽ പങ്കെടുക്കാനും വൈഎസ്ആർ കോൺഗ്രസ് നേതാവ് കൂടിയായ ജഗൻമോഹൻ റെഡ്ഡി പ്രതിപക്ഷ പാർട്ടികളോട് അഭ്യർത്ഥിച്ചു.
കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇടതുപക്ഷവും തൃണമൂൽ കോൺഗ്രസും ജെഡിയുവും ഉൾപ്പെടെ 19 പാർട്ടികളാണ് ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
Discussion about this post