ന്യൂഡൽഹി: ഇന്ത്യ ചിന്തിയ്ക്കുന്നത് എന്തെന്ന് ഇന്ന് ലോകം അറിയാൻ കൊതിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് ദിവസത്തെ ഓസ്‌ട്രേലിയൻ സന്ദർശനം പൂർത്തിയാക്കി ഡൽഹിയിൽ തിരിച്ചെത്തിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യ ബുദ്ധന്റെയും ഗാന്ധിജിയുടെയും മണ്ണാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
കൊറോണ മഹാമാരിക്കാലത്ത് മറ്റ് രാജ്യങ്ങൾക്ക് വാക്‌സിൻ നൽകാൻ ഇന്ത്യയ്ക്ക് എങ്ങനെ കഴിഞ്ഞുവെന്നാണ് ആളുകൾ ചോദിക്കുന്നത്. ഇവരോട് ഒന്നേ പറയാനുള്ളു. ഇത് ബുദ്ധന്റെയും മഹാത്മാഗാന്ധിയുടെയും മണ്ണാണ്. ശത്രുക്കളോട് പോലും സൻമനസ്സ് കാണിക്കാൻ ഇന്ന് ഇന്ത്യയ്ക്ക് കഴിയും. ഇന്ന് ഇന്ത്യ എന്താണ് ചിന്തിക്കുന്നത് എന്ന് അറിയാൻ ലോകം ആഗ്രഹിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ സാംസ്‌കാരിക വൈധ്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം താൻ ലോകത്തേക്ക് കണ്ണോടിക്കും. അപ്പോൾ വലിയ ആത്മവിശ്വാസമാണ് ലഭിക്കുക. വൻ ഭൂരിപക്ഷത്തോടെയാണ് ഇവിടെ സർക്കാർ രൂപീകരിച്ചിട്ടുള്ളത്. മോദിയെ അല്ല ഇന്ത്യയെ സ്‌നേഹിക്കുന്നവരാണ് ബിജെപിയെ പിന്തുണയ്ക്കുന്നത് എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
തമിഴ് നമ്മുടെ ഭാഷയാണ്. ഒരോ ഭാരതീയന്റെയും ഭാഷ. ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ഭാഷയാണ് തമിഴ്. പപ്പുവ ന്യ ഗ്വിനിയയിൽവച്ച് തമിഴ്ഗ്രന്ഥമായ തിരുക്കുറലിന്റെ പരിഭാഷ പ്രകാശനം ചെയ്യാൻ തനിക്ക് അവസരം ഉണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് പുലർച്ചെയായിരുന്നു ഓസ്‌ട്രേലിയൻ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി ഡൽഹിയിൽ എത്തിയത്. വിമാനത്താവളത്തിൽ അദ്ദേഹത്തിന് വൻ സ്വീകരണം ലഭിച്ചു. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും മറ്റ് ബിജെപി നേതാക്കളും അദ്ദേഹത്തെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.
Discussion about this post