ദീപാവലി രാജ്യത്ത് ദേശീയ അവധി ദിനങ്ങളിലൊന്നായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയിൽ ബിൽ. യുഎസ് കോൺഗ്രസിലാണ് ഇത് സംബന്ധിച്ചുള്ള ബിൽ അവതരിപ്പിക്കപ്പെട്ടത്. ഇവിടെ അംഗമായ ഗ്രേസ്ഡ് മെങ് ആണ് ബിൽ അവതരിപ്പിച്ചത്. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ജനങ്ങൾക്കും അമേരിക്കയിലെ ലക്ഷക്കണക്കിന് കുടുംബങ്ങൾക്കും അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാന ദിവസങ്ങളിലൊന്നാണ് ദീപാവലിയെന്ന് ഗ്രേസ്ഡ് മെങ് പറഞ്ഞു.
ബിൽ യുഎസ് കോൺഗ്രസ് പാസാക്കി അമേരിക്കൻ പ്രസിഡന്റ് ഒപ്പിട്ടാൽ അമേരിക്കയിലെ 12ാമത്തെ ഔദ്യോഗിക അവധി ദിനമായി ദീപാവലി മാറും. രാജ്യത്തിന്റെ വൈവിദ്ധ്യമാർന്ന സാംസ്‌കാരിക ഘടനയെ സർക്കാർ വിലമതിക്കുന്നുണ്ട് എന്നതിന് തെളിവാണ് ഈ നീക്കമെന്നും അവർ പറഞ്ഞു. എല്ലാ അമേരിക്കക്കാരേയും ഈ ദിനത്തിന്റെ പ്രാധാന്യത്തെകുറിച്ച് ബോധവാന്മാരാക്കാൻ ഇത് സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ബില്ലിനെ സ്വാഗതം ചെയ്യുന്നുവെന്ന് ന്യൂയോർക്ക് അസംബ്ലി വുമൺ ജെനിഫർ രാജ്കുമാർ പറഞ്ഞു. അമേരിക്കൻ സംസ്ഥാനമായ പെൻസിൽവാനിയ ദീപാവലി അവധി ദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്.











