ന്യൂഡൽഹി; ഡൽഹിയിൽ ഉണ്ടായിരുന്നെങ്കിൽ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കുമായിരുന്നുവെന്ന് ഗുലാം നബി ആസാദ് . പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്ക്കരിക്കാനുള്ള പ്രതിപക്ഷപാർട്ടികളുടെ തീരുമാനത്തെയും ഗുലാം നബി ആസാദ് വിമർശിച്ചു. “റെക്കോർഡ് സമയത്ത്” പദ്ധതി പൂർത്തിയാക്കിയതിന് ഭരണകക്ഷിയെ അഭിനന്ദിക്കണമെന്ന് ആസാദ് പറഞ്ഞു. പ്രതിപക്ഷത്തിന് അവരുടെ ഭരണകാലത്ത് ഒരിക്കലും നേടാനാകാത്ത വിജയമാണിത്., “ബഹിഷ്കരണത്തിന് താൻ കർശനമായി എതിരാണ്”, ഗുലാം നബി ആസാദ് പറഞ്ഞു.
ഞായറാഴ്ച ഡൽഹിയിൽ ഉണ്ടായിരുന്നെങ്കിൽ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കുമായിരുന്നുവെന്നും ആസാദ് പറഞ്ഞു. പുതിയ പാർലമെന്റ് മന്ദിരം 35 വർഷം മുമ്പുള്ള സ്വപ്നമായിരുന്നുവെന്നും അതിന്റെ സാക്ഷാത്കാരത്തിനായി അന്നത്തെ പ്രധാനമന്ത്രി പി വി നരസിംഹ റാവുവുമായി താൻ പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നുവെന്നും ആസാദ് വ്യക്തമാക്കി. എന്നാൽ, ആ പദ്ധതികൾ യാഥാർഥ്യമായില്ല.
” പുതിയ പാർലമെൻറ് മന്ദിരം പണിയാനായി ആരെങ്കിലും മുൻകൈ എടുത്തത് നന്നായി, ബഹിഷ്കരിക്കുന്നതിന് പകരം പ്രതിപക്ഷം അതിനെ അഭിനന്ദിക്കണം!” ആസാദ് പറഞ്ഞു. പുതിയ പാർലമെന്റ് മന്ദിരത്തിൻറെ സൌകര്യങ്ങളെ സംബന്ധിച്ചും ആസാദ് വിശദീകരിച്ചു. വളരെ ഉപയോഗ പ്രദമായ രീതിയിലാണ് പാർലമെൻറ് മന്ദിരത്തിൻറെ രൂപകല്പന. 1926 ലെപോലെയുള്ള അവസ്ഥയല്ല ഇന്ന്. അംഗസംഖ്യ അഞ്ചിരട്ടിയായി വർദ്ധിച്ചു. നിലവിലെ പാർലമെൻറിൽ ഇതിന് മതിയായ സ്ഥലമില്ല, അതിനാൽ പുതിയ മന്ദിരം വളരെ ആവശ്യമുള്ള ഒന്നായിരുന്നു, ആസാദ് വ്യക്തമാക്കി.
“ഇപ്പോൾ നടക്കുന്ന വിവാദങ്ങൾക്ക് ഞാൻ എതിരാണ്. പ്രസിഡന്റും ഭരണകക്ഷിയിൽ നിന്നുള്ളയാളാണ്, അവരുടെ എംഎൽഎമാരിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. നിലവിലെ രാഷ്ട്രപതിയെ പിന്തുണയ്ക്കാൻ പ്രതിപക്ഷം ആഗ്രഹിക്കുന്നുവെങ്കിൽ, രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർത്ഥിക്ക് എതിരെ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തിയതെന്തിനെന്നും ആസാദ് ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയല്ല പാർലമെൻറ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടതെന്നും ഇന്ത്യൻ രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്നും ആവശ്യപ്പെട്ട് 21 പ്രതിപക്ഷ പാർട്ടികൾ ആണ് നാളെ ഉദ്ഘാടന ചടങ്ങ് ബഹിഷ്ക്കരിക്കുന്നത്.
Discussion about this post