ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഡൽഹിയിൽ നടന്ന നിതി ആയോഗ് യോഗത്തിൽ നിന്ന് വിട്ട് നിന്ന് എട്ട് മുഖ്യമന്ത്രിമാർ. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് യോഗത്തിൽ പങ്കെടുക്കാത്തത്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പങ്കെടുക്കാത്തതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. കേന്ദ്രവുമായി അടുത്ത കാലത്തുണ്ടായ തർക്കങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ യോഗത്തിൽ പങ്കെടുക്കാതിരുന്നത്. ഇത് ചൂണ്ടിക്കാട്ടി കെജ്രിവാൾ പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തിട്ടുണ്ട്.
പഞ്ചാബിന്റെ താത്പര്യങ്ങൾ കേന്ദ്രം ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രി ഭഗവന്ത് മൻ യോഗത്തിൽ നിന്ന് വിട്ട് നിന്നത്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് എന്നിവരാണ് യോഗം ബഹിഷ്‌കരിച്ച മറ്റ് മുഖ്യമന്ത്രിമാർ. മുൻകൂർ പരിപാടികൾ ഉള്ളതിനാലാണ് യോഗത്തിൽ പങ്കെടുക്കാത്തതെന്ന് നവീൻ പട്‌നായിക് അറിയിച്ചിട്ടുണ്ട്.
നിർണായക വിഷയങ്ങൾ ചർച്ച ചെയ്ത യോഗത്തിൽ നിന്ന് വിട്ട് നിന്ന മുഖ്യമന്ത്രിമാർ ജനങ്ങളുടെ ശബ്ദത്തെ അടിച്ചമർത്തിയെന്ന് ബിജെപി ആരോപിച്ചു. ദേശീയ വികസനത്തെക്കുറിച്ച് ചർച്ച ചെയ്യാനുള്ള വേദിയായിരുന്നു ഇത്. 100ഓളം വിഷയങ്ങൾ ഇവിടെ ചർച്ച ചെയ്തു. പല പ്രശ്‌നങ്ങൾക്കും പരിഹാരം കണ്ടു. യോഗത്തിനെത്താത്ത മുഖ്യമന്ത്രിമാർ സ്വന്തം സംസ്ഥാനത്തെ ജനങ്ങളുടെ ശബ്ദം അടിച്ചമർത്തുകയായിരുന്നു. പ്രധാനമന്ത്രിക്കെതിരായ ഇത്തരം പ്രതിഷേധങ്ങൾ എവിടെ വരെ പോകുമെന്നും ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രവിശങ്കർ ചോദിച്ചു
Discussion about this post