അഹമ്മദാബാദ്: തോരാതെ പെയ്ത മഴയെ തുടർന്ന് ഐപിഎൽ ഫൈനൽ മാറ്റി. ഞായറാഴ്ച വൈകിട്ട് 7.30 ന് നടക്കാനിരുന്ന കലാശക്കളി തിങ്കളാഴ്ച വൈകിട്ട് 7.30 ലേക്കാണ് മാറ്റിയത്. ടോസ് ഇടാൻ പോലും കഴിഞ്ഞിരുന്നില്ല. തുടർന്ന് രാത്രി വരെ കാത്തിരുന്ന ശേഷമായിരുന്നു കളി മാറ്റിയതായി അറിയിച്ചത്.
അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് ഫൈനൽ. ഉച്ച മുതൽ ഫൈനലിലെ ടീമുകളായ ചെന്നൈയുടെയും ഗുജറാത്ത് ടൈറ്റൻസിന്റെയും ആരാധകർ സ്റ്റേഡിയത്തിലേക്ക് ഇടിച്ചുകയറുന്നുണ്ടായിരുന്നു.
നേരത്തെ ഫൈനലിനായി എടുത്ത ടിക്കറ്റുകൾ തന്നെ ഉപയോഗിച്ച് തിങ്കളാഴ്ച കളി കാണാമെന്നും ആരും ടിക്കറ്റ് നഷ്ടപ്പെടുത്തരുതെന്നും അധികൃതർ പ്രത്യേകം അറിയിച്ചു. ടോസ് വീഴാൻ അര മണിക്കൂർ കൂടി ബാക്കിയുളളപ്പോഴാണ് മഴ പൊടിഞ്ഞു തുടങ്ങിയത്. ഗ്രൗണ്ട് സ്റ്റാഫുകൾ ഉടൻ തന്നെ ക്രീസും ബൗളർമാരുടെ റണ്ണപ്പ് സ്‌പേസും രണ്ട് ഷീറ്റുകൾ ഉപയോഗിച്ച് കവർ ചെയ്ത് സുരക്ഷിതമാക്കിയിരുന്നു.
എന്നാൽ ചാറിപെയ്ത മഴ പൊടുന്നനെ ഭാവം മാറ്റുകയായിരുന്നു. മിന്നലും ഇടിയും ഒപ്പം തുടങ്ങിയതോടെ മഴയുടെ ശക്തിയും കൂടി. ഇതോടെ ആരാധകർക്കും പ്രതീക്ഷകൾ നഷ്ടമായിരുന്നു. ഒൻപത് മണിയോടെ മഴ അവസാനിച്ചതോടെ മത്സരം തുടങ്ങുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും വീണ്ടും മഴ പെയ്തതോടെ അത് അസ്തമിച്ചു.
ഈ സീസണിലെ 14 കളികളിൽ പത്തും വിജയിച്ചാണ് ടൈറ്റൻസ് കലാശക്കളിയിൽ എത്തിയത്. 20 പോയിന്റാണ് ടീമിനുളളത്. ചെന്നൈ സൂപ്പർ കിങ്‌സിന് 17 പോയിന്റുകളാണുളളത്.
Discussion about this post