ന്യൂഡൽഹി: ഷഹ്ബാദ് ഡയറി മേഖലയിൽ പതിനാറുകാരിയായ പെൺകുട്ടിയെ ആളുകൾ നോക്കി നിൽക്കെ തുടരെ കുത്തി കൊലപ്പെടുത്തിയ പ്രതി സഹിലിനെ പോലീസ് പിടികൂടിയത് മൊബൈൽഫോൺ ഓണാക്കി കോൾ വിളിച്ചതോടെ. സംഭവത്തിന് പിന്നാലെ ബുലാന്ദ് ഷഹറിലെ ബന്ധുവീട്ടിലേക്ക് മുങ്ങിയ സഹിൽ അവിടെ നിന്നും തന്റെ അച്ഛനെ ഫോൺ ചെയ്തതോടെയാണ് പോലീസ് പിന്തുടർന്ന് എത്തി പിടികൂടിയത്.
അക്രമത്തിന് ശേഷം രക്ഷപെട്ട സഹിൽ മൊബൈൽ ഫോൺ ഓഫ് ആക്കിയിരുന്നു. അതുകൊണ്ടു തന്നെ പോലീസിന് ഇയാൾ എവിടെയാണെന്ന് ആദ്യം കണ്ടെത്താനായില്ല. സഹിലിന്റെ മാതാപിതാക്കളെയും സുഹൃത്തുക്കളെയും നിരീക്ഷിച്ച പോലീസ് അച്ഛന് ഫോൺവിളി എത്തിയതോടെ ടവർ ലൊക്കേഷൻ നോക്കി എവിടെയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. കൃത്യം നടത്തിയ ശേഷം ബസിലാണ് സഹിൽ ബുലാന്ദ്ഷഹറിലേക്ക് എത്തിയതെന്ന് പോലീസ് പറഞ്ഞു.
നാടിനെ മുഴുവൻ ഞെട്ടിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് അതിന്റെ ഭീകരത വ്യക്തമായത്. കഴിഞ്ഞ ദിവസം രാത്രി 8.45 ഓടെ ബർത്ത് ഡേ പാർട്ടിക്ക് പോകാൻ വീട്ടിൽ നിന്ന് ഇറങ്ങിയ പെൺകുട്ടിയെ സഹിൽ റോഡിൽ തടഞ്ഞുനിർത്തി തുടരെ കുത്തുകയായിരുന്നു. പെൺകുട്ടി നിലത്തുവീണു കിടന്നിട്ടും ഇയാൾ കത്തി കൊണ്ടുളള കുത്ത് നിർത്തിയില്ല. ഒടുവിൽ അടുത്തുകിടന്ന കോൺക്രീറ്റ് സ്ലാബിന്റെ ഭാഗം എടുത്ത് തലയ്ക്ക് ഇടിക്കുകയും ചെയ്തു. തലച്ചോർ ഉൾപ്പെടെ പൊട്ടിച്ചിതറിയ നിലയിലായിരുന്നു.
സഹിലുമായി പെൺകുട്ടി പ്രണയത്തിലായിരുന്നുവെന്നും ഞായറാഴ്ച വൈകിട്ട് നടന്ന വഴക്കാണ് ക്രൂരമായ കൊലപാതകത്തിലേക്ക് എത്തിച്ചതെന്നും പോലീസ് പറഞ്ഞു. സഹിൽ പെൺകുട്ടിയെ കുത്തുമ്പോൾ സമീപത്ത് കൂടി ആളുകൾ സഞ്ചരിക്കുന്നുണ്ടായിരുന്നെങ്കിലും ആരും ഇടപെട്ടില്ല.
Discussion about this post