ആലുവ: സംവിധായകൻ അൽഫോൺസ് പുത്രന്റെ ആലുവയിലെ വസതിയിൽ നിന്നും 16 പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടി.ഗേറ്റിലേക്കും മുറ്റത്തേക്കും കയറുന്ന പാമ്പിൻ കുഞ്ഞുങ്ങളെ അടുത്തുള്ള ഓട്ടോ ഡ്രൈവറാണ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ വീടിനു സമീപത്തായി ജല അതോറിറ്റി ഉപേക്ഷിച്ചു പോയ രണ്ടു പഴയ പൈപ്പുകളുടെ ഉള്ളിലും പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തി.
ഇതിനുള്ളിൽ പാമ്പിന്റെ മുട്ടകളും ഉണ്ടായിരുന്നു. മണ്ണുകൊണ്ട് ഒരുഭാഗം മൂടിയ പൈപ്പിന്റെ മറുഭാഗം നാട്ടുകാർ ചില്ലുകൊണ്ടു പൊതിഞ്ഞു. അൽഫോൺസ് പുത്രന്റെ വീട്ടിൽ നിന്നും പിടികൂടിയ പാമ്പുകളെ പാമ്പുപിടുത്ത വിദഗ്ധൻ ഷൈനും നാട്ടുകാരും ചേർന്ന് ചാക്കിൽക്കെട്ടി വനംവകുപ്പിന് കൈമാറി.
മുൻപ് റിസർവ് ബാങ്കിനും ഉദ്യോഗസ്ഥർക്കുമെതിരെയുള്ള അൽഫോൺസ് പുത്രന്റെ ഫേസ്ബുക്ക് കുറിപ്പ് ചർച്ചയായിരുന്നു. റിസർവ് ബാങ്ക് സിനിമാ നിർമാണത്തിന് വായ്പ നൽകുന്നില്ലെന്നും ഇത് സിനിമയെ കൊല്ലുന്ന വിഷയമാണെന്നും അദ്ദേഹം കുറിച്ചു.
‘സിനിമ നിർമ്മിക്കാൻ റിസർവ് ബാങ്ക് ബാങ്ക് വായ്പ നൽകാത്തതിനാൽ… എല്ലാ റിസർവ് ബാങ്ക് അംഗങ്ങളോടും ജീവനക്കാരോടും സിനിമ കാണുന്നത് നിർത്താൻ ഞാൻ അഭ്യർത്ഥിക്കുന്നു. നിങ്ങൾക്ക് ഒരു സിനിമയും കാണാൻ അവകാശമില്ല. നമ്മുടെ പ്രിയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സിനിമയെ കൊല്ലുന്ന ഗുരുതരമായ ഈ വിഷയം പരിശോധിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു’, അൽഫോൻസ് പുത്രൻ കുറിച്ചു. പൃഥ്വിരാജ്, നയൻതാര എന്നിവർ അഭിനയിച്ച ?ഗോൾഡ് ആയിരുന്നു അൽഫോൺസ് രചിച്ച് സംവിധാനം ചെയ്ത് ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം.












