ലണ്ടൻ: ലണ്ടൻ വിമാനത്താവളത്തിൽ വെച്ച് തന്നെ മർദ്ദിച്ചുവെന്ന തരത്തിലുളള പ്രചാരണത്തിൽ പ്രതികരണവുമായി മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയ. തന്നെയല്ല തല്ലിയതെന്നും തെറി വിളിച്ചതിന് താനാണ് അയാളെ തല്ലിയതെന്നും ഷാജൻ സ്‌കറിയ പറഞ്ഞു. ഭൂലോക ഫ്രോഡായ സഖാവ് ആണിയാളെന്നും ഷാജൻ പറഞ്ഞു.
എം 25 ലെ ഗതാഗതകുരുക്ക് കാരണം ഒരു മണിക്കൂർ വൈകിയാണ് എയർപോർട്ടിലേയ്ക്ക് എത്തിയത്. ഫ്ളൈറ്റ് മിസ് ആവാതിരിക്കാനുള്ള ഓട്ടത്തിനിടയിൽ രണ്ടുപേർ നടന്നു വരുന്നു. ഒരാൾ ഏഷ്യാനെറ്റിന്റെ ശ്രീകുമാറാണ്. മറ്റൊരാൾ ഭൂലോക ഫ്രോഡായ ഒരു സഖാവും. ശ്രീകുമാറിനൊരു പുഞ്ചിരി കൈമാറി മുമ്പോട്ട് നടന്നുപോയി. പിന്നെ വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു. ആദ്യം ശ്രദ്ധിച്ചില്ല. പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്. തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി കൊടുത്തു.
തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ. പിന്നെ കാണുന്നത് എന്നെ ആദ്യം തെറിവിളിച്ച വീഡിയോ മാത്രം പുറത്തുവിട്ട് എന്നെ തല്ലിയെന്ന് പറയുന്നതാണ്. അങ്ങനെയെങ്കിലും ആശ്വസിക്കട്ടെ, പാവം ഇപ്പോൾ ആശുപത്രിയിലാണോ അതോ വീട്ടിൽത്തന്നെ തിരുമ്മൽ ചികിത്സയിൽ ആണോ എന്നറിയില്ല. എന്തായാലും ഞാൻ നാട്ടിലുണ്ട്.
വിശദമായ വിവരണം ഓഫീസിൽ എത്തിയതിന് ശേഷം നൽകുമെന്നും തന്നെ തെറിവിളിച്ചതിന്റെ മൂന്നിരട്ടി വേഗതയിൽ ഞാനും തെറി വിളിച്ചിരുന്നുവെന്നും ഷാജൻ പറയുന്നു. ഒരു കാര്യത്തിൽ എനിക്ക് സന്തോഷം ഉണ്ട്. ഈ നാട്ടിൽ നൂറായിരം പത്രങ്ങളും, ഓൺലൈൻ മാദ്ധ്യമങ്ങളും മാദ്ധ്യമപ്രവർത്തകരും ഒക്കെയുണ്ട്. പക്ഷെ കമ്മികൾക്കും സുഡാപ്പികൾക്കും ഏറ്റവും ഇഷ്ടം എന്നെയാണ്. ഇതിൽ കൂടുതൽ എന്ത് അഭിമാനമാണ് എനിക്ക് വേറെ ഉണ്ടാവേണ്ടതെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഇന്ന് രാവിലെ മുതലാണ് ഷാജൻ സ്‌കറിയയ്ക്ക് വിമാനത്താവളത്തിൽ വെച്ച് തല്ല് കിട്ടിയെന്നും ഷാജന്റെ കരണം അടിച്ചുപൊട്ടിച്ചെന്നും പറഞ്ഞ് സമൂഹമാദ്ധ്യമങ്ങളിൽ ഇടത് പ്രൊഫൈലുകൾ ആഘോഷിച്ചു തുടങ്ങിയത്.












