മുംബൈ: നരേന്ദ്രമോദി സർക്കാരിന്റെ ഒൻപതാം വാർഷികത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ കർഷകർക്ക് കൂടുതൽ സാമ്പത്തിക സഹായങ്ങളൊരുക്കി ഷിൻഡെ സർക്കാർ. കേന്ദ്രസർക്കാർ നൽകുന്ന ആറായിരം രൂപയ്ക്ക് പുറമേ സംസ്ഥാന സർക്കാരിന്റെ വകയായി 6000 രൂപ കൂടി നൽകാനാണ് തീരുമാനം. ഇതോടെ സംസ്ഥാനത്തെ കർഷകർക്ക് പ്രതിവർഷം 12,000 രൂപ ലഭിക്കും.
ഒരു വർഷം മൂന്ന് തവണയായി രണ്ടായിരം രൂപ വീതമാണ് പിഎം കിസാൻ പദ്ധതി പ്രകാരം കേന്ദ്രസർക്കാർ കർഷകരുടെ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നത്. ഇതേ രീതിയിൽ കർഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് തുക ട്രാൻസ്ഫർ ചെയ്യാനാണ് സംസ്ഥാന സർക്കാരും തീരുമാനിച്ചിട്ടുളളത്.
നേരത്തെ ബജറ്റിൽ അവതരിപ്പിച്ച നിർദ്ദേശം സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരത്തോടെ നടപ്പിലാക്കുകയാണെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ അറിയിച്ചു. നമോ സേഠ്കാരി മഹാസമ്മാൻ യോജന എന്ന പദ്ധതിയിലാണ് മഹാരാഷ്ട്ര സർക്കാർ കർഷകർക്ക് പണം കൈമാറുക. സംസ്ഥാനത്തെ ഒരു കോടിയിലധികം കർഷകർക്ക് സംസ്ഥാന സർക്കാരിന്റെ പദ്ധതി പ്രയോജനപ്പെടുമെന്ന് ഉപമുഖ്യമന്ത്രി ദേവന്ദ്ര ഫട്‌നാവിസ് പറഞ്ഞു.
6900 കോടി രൂപയാണ് ഇതിനായി സർക്കാരിന് വേണ്ടിവരിക. സംസ്ഥാന സർക്കാർ തന്നെ ഈ തുക പൂർണമായി വഹിക്കുമെന്ന് ബജറ്റ് അവതരണ വേളയിൽ ധനകാര്യമന്ത്രി കൂടിയായ ഫട്‌നാവിസ് വ്യക്തമാക്കിയിരുന്നു. കർഷകർക്ക് ഒരു രൂപയ്ക്ക് വിള ഇൻഷുറൻസ് ഏർപ്പെടുത്തിയ തീരുമാനത്തിന് പിന്നാലെയാണ് കൂടുതൽ കർഷക സൗഹൃദ നയങ്ങൾ ഷിൻഡെ സർക്കാർ നടപ്പാക്കുന്നത്. നേരത്തെ ഇൻഷുറൻസ് തുകയുടെ രണ്ട് ശതമാനം വരെ കർഷകർ മുടക്കേണ്ടി വന്നിരുന്നു.
Discussion about this post