ലോകസമ്പരുടെ പട്ടികയിൽ വീണ്ടും ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ടെസ്ല മേധാവി ഇലോൺ മസ്‌ക്. പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന ബെർനാഡ് അർനോൾട്ടിന്റെ ഓഹരികൾ ഇടിഞ്ഞതിന് പിന്നാലെയാണ് മസ്‌ക് വീണ്ടും ഒന്നാം സ്ഥാനത്തെത്തിയത്. പാരീസ് ട്രേഡിംഗിൽ അർനോൾട്ടിന്റെ എൽവിഎംഎച്ച് ഓഹരികൾ 2.6% ഇടിഞ്ഞിരുന്നു.
ലോകത്തിലെ ഏറ്റവും ധനികരായ 500 പേരുടെ പട്ടികയാണ് ബ്ലൂംബർഗ് ബില്യണയേഴ്സ് ഇൻഡക്സിൽ ഉള്ളത്. ഇക്കഴിഞ്ഞ ഡിസംബറിലാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന മസ്‌കിനെ അർനോൾട്ട് ആദ്യമായി മറികടക്കുന്നത്. എൽവിഎംഎച്ച്, ലൂയി വിറ്റൺ, ഫെൻഡി, ഹെന്നസി എന്നിവയുൾപ്പെടെയുള്ള ആഡംബര ബ്രാൻഡുകളുടെ ഉടമയാണ് അർനോൾട്ട്. സൂചിക പ്രകാരം മസ്‌കിന് 192.3 ബില്യൺ ഡോളറിന്റെ ആസ്തിയാണുള്ളത്. അർനോൾട്ടിന് 186.6 ബില്യൺ ഡോളറിന്റെ ആസ്തിയുമുണ്ട്.











