ഭോപ്പാൽ: നേപ്പാൾ പ്രധാനമന്ത്രി പുഷ്പകമൽ ദഹൽ മധ്യപ്രദേശിൽ രണ്ട് ദിവസത്തെ പര്യടനം നടത്തും. ഉജ്ജയിനിലെ പ്രശസ്തമായ മഹാകാലേശ്വർ ക്ഷേത്രത്തിലും അദ്ദേഹം സന്ദർശനം നടത്തി. രാവിലെ 10 മണിയോടെയാണ് അദ്ദേഹം ഇൻഡോറിലെത്തിയത്. ഇന്ന് വൈകിട്ട് മധ്യപ്രദേശ് ഗവർണർ മംഗുഭായ് പട്ടേലുമായി കൂടിക്കാഴ്ച നടത്തും. ശേഷം പ്രാദേശിക പൗരസമിതിയുടെ മേൽനോട്ടത്തിൽ പ്രവർത്തനം നടക്കുന്ന ഇൻഡോറിലെ ഖരമാലിന്യ സംസ്‌കരണ പ്ലാന്റും അദ്ദേഹം സന്ദർശിക്കുമെന്ന് അധികൃതർ അറിയിച്ചു.
നേപ്പാൾ പ്രധാനമന്ത്രിയ്ക്ക് വേണ്ടി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ വൈകിട്ട് 7.30 ന് അത്താഴ വിരുന്ന് സംഘടിപ്പിക്കുന്നുണ്ട്. ഇതിലും അദ്ദേഹം പങ്കെടുക്കും.നാളെ ഇൻഡോറിലെ ഐടി സ്‌പെഷ്യൽ ഇക്കണോമിക് സോണിൽ പ്രവർത്തിക്കുന്ന ടാറ്റ കൺസൾട്ടൻസി സർവീസസും ഇൻഫോസിസ് കാമ്പസുകളും സന്ദർശിക്കും. അതിന് ശേഷം അദ്ദേഹം ഡൽഹിയിലേക്ക് തിരികെ മടങ്ങും. സന്ദർശനത്തോടനുബന്ധിച്ച് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കണമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
2022 ഡിസംബറിൽ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തതിന് ശേഷം ഇതാദ്യമായാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും പുഷ്പകമൽ ദഹൽ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനപ്പെട്ട നിരവധി കരാറുകലിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചു. അതിർത്തിതർക്കമുൾപ്പെടെ രമ്യതയിൽ പരിഹരിക്കുമെന്നും നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ചയിൽ തീരുമാനമായി.
Discussion about this post