കാബൂൾ: ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽറഹ്‌മാൻ ബിൻ ജാസിം അൽതാനി അഫ്ഗാനിസ്ഥാനിലെ ഉന്നത താലിബാൻ നേതാവുമായി മെയ് 12 ന് രഹസ്യ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. താലിബാൻ നേതാവ് ഹൈബത്തുള്ള അഖുന്ദ്സാദയും ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾറഹ്‌മാൻ ബിൻ ജാസിം അൽതാനിയും തമ്മിലുള്ള കൂടിക്കാഴ്ച മെയ് 12 ന് കാണ്ഡഹാറിൽ നടന്നതായാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.
കൂടിക്കാഴ്ചയെക്കുറിച്ച് യുഎസ് അറിഞ്ഞതിന് പിന്നാലെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ഖത്തർ പ്രധാനമന്ത്രിയും ടെലിഫോണിൽ സംഭാഷണം നടത്തി. താലിബാനും അന്താരാഷ്ട്ര സമൂഹവും തമ്മിലുള്ള ബന്ധം സുഗമമാക്കുന്നതിന്റെ ഭാഗമായി മുഹമ്മദ് ബിൻ അബ്ദുൾറഹ്‌മാൻ ബിൻ ജാസിം അൽതാനി കാബൂൾ സന്ദർശിച്ചതായി കുറച്ച് ദിവസങ്ങൾക്ക് ശേഷം ഖത്തറിലെ അൽ ജസീറ റിപ്പോർട്ട് ചെയ്തു.
നേരത്തെ മെയ് മാസത്തിൽ ദോഹയിൽ അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭ സംഘടിപ്പിച്ച സമ്മേളനത്തിലേക്ക് താലിബാനെ ക്ഷണിച്ചിരുന്നില്ല. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോയുടെ രണ്ടു ദിവസത്തെ ചർച്ചകളിൽ പങ്കെടുത്ത 25 ഓളം രാജ്യങ്ങളുടെയും ഗ്രൂപ്പുകളുടെയും പ്രതിനിധികളിൽ അമേരിക്ക, ചൈന, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളും പ്രധാന യൂറോപ്യൻ സഹായ ദാതാക്കളും ഉൾപ്പെട്ടിരുന്നു. രാജ്യത്തെ ഭീകരമായ മാനുഷിക സാഹചര്യവും അന്താരാഷ്ട്ര ഒറ്റപ്പെടലും ചർച്ച ചെയ്യുന്നതിനുള്ള യോഗത്തിലേക്ക് താലിബാനെ ക്ഷണിക്കില്ലെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് നേരത്തെ പറഞ്ഞിരുന്നു.












