ബാലസോർ: അപകടത്തിൽ പെട്ട ഷാലിമാർ-ചെന്നൈ കോറമണ്ഡൽ എക്‌സ്പ്രസിൽ ചെന്നൈയിലേക്ക് വരാനായി 867 പേർ ബുക്ക് ചെയ്തിരുന്നതായി ദക്ഷിണ റെയിൽവേ ഡിആർഎം. ഹൗറ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസിൽ യാത്ര ചെയ്ത കർണാടകയിൽ നിന്നുള്ള ആരും അപകടത്തിൽപ്പെട്ടതായി അറിവില്ലെന്ന് ബംഗളൂരു റയിൽവേ എഡിജിപി ശശികുമാർ പറഞ്ഞു. ചിക്കമഗളൂരുവിൽ നിന്ന് ഛത്തീസ്ഗഡിലേക്ക് തീർത്ഥാടനത്തിന് പോയ 120 അംഗ സംഘത്തിലെ എല്ലാവരും സുരക്ഷിതരാണെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം അപകടത്തിൽ മരിച്ചവരുടെ എണ്ണം 280 കടന്നു, മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. 900ത്തിലധികം ആളുകൾക്കാണ് പരിക്കേറ്റത്. ഇവരിൽ പലരുടേയും നില ഗുരുതരമാണ്. രക്ഷാപ്രവർത്തനത്തിനായി സൈന്യത്തേയും ദുരന്തനിവാരണ സേനയേയും വിന്യസിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്രം 10 ലക്ഷം രൂപ വീതവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് രണ്ട് ലക്ഷം വീതവും നൽകും.
അപകടത്തെത്തുടർന്ന് തെക്ക് കിഴക്കൻ റെയിൽവേ 18 ദീർഘദൂര ട്രെയിനുകളും ദക്ഷിണ റെയിൽവേ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. ബിജെപിയും ബിജെഡിയും പാർട്ടി പരിപാടികൾ എല്ലാം റദ്ദാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിൽ മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ ജന്മശതാബ്ദി ആഘോഷങ്ങളും റദ്ദ് ചെയ്തിട്ടുണ്ട്.









Discussion about this post